Kerala
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത് രംഗം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. വോട്ടെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ സമയം നഷ്ടപ്പെടുത്താതെ ഒരു തവണയെങ്കിലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്താനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ഥികള്‍. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ അഞ്ചുനിയോജകമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മാത്രം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മറ്റ് നാലു മണ്ഡലങ്ങളിലും എല്‍ഡിഎഫിനായിരുന്നു വിജയം.
എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ മിന്നുന്ന വിജയവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ചപ്രകടനവുമാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 14ലും യുഡിഎഫ് വിജയിച്ചപ്പോള്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 52 ഗ്രാമ പഞ്ചായത്തുകളില്‍ 36ലും യുഡിഎഫിനായിരുന്നു ഭരണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും ജില്ല സാക്ഷ്യം വഹിച്ചു. ആറു പതിറ്റാണ്ട് തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്തുനിന്നു പിന്മാറി മകന് അപു ജോണ്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതും സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേക്കേറി ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായതും, അഞ്ചു പതിറ്റാണ്ടിനുശേഷം ഇടുക്കിമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതും, മുന്‍ മന്ത്രി എം.എം. മണി ഇത്തവണ മത്സരത്തിനില്ലാത്തതുമെല്ലാം രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്ത വിഷയങ്ങളായിരുന്നു.
വന്യമൃഗശല്യം, ഭൂപ്രശ്നങ്ങള്‍, നിര്‍മാണ നിരോധനം, ദേശീയപാത നിര്‍മാണതടസം എന്നിവയെല്ലാം അവതരിപ്പിച്ചാണ് യുഡിഎഫിന്റെ പ്രചാരണം മുന്നോട്ടു പോകുന്നത്. എല്‍ഡിഎഫാകട്ടെ സര്‍ക്കാര്‍ ഓരോ മണ്ഡലത്തിലും നടത്തിയ വികസനനേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്. മണ്‍സൂണ്‍ കാലയളവില്‍ ജില്ലയിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികളും തോട്ടം മേഖലയിലെയും ആദിവാസി ഉന്നതികളിലെയും പിന്നാക്കാവസ്ഥയും ഇവിടത്തെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
◄തൊടുപുഴ►
കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് ഇത്തവണ തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണിത്. പി.ജെ. ജോസഫ് എല്‍ഡിഎഫ് പക്ഷത്തായിരുന്ന രണ്ടു തവണ മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നെങ്കിലും അദ്ദേഹം യുഡിഎഫിലെത്തിയതോടെ ഏകപക്ഷീയവിജയമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സിറിയക് ചാഴികാടന്റെ പ്രചാരണം മുന്നേറുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വോട്ട് തേടുന്നത്
◄ഇടുക്കി►
ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലമാണിത്. ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇടുക്കി മാറിക്കഴിഞ്ഞു. കുടിയേറ്റ കര്‍ഷകര്‍ വിധി നിര്‍ണയിക്കുന്ന ഇവിടെ മന്ത്രി റോഷി അഗസ്റ്റിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വസത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി മന്ത്രിസഭയിലെത്തിയ റോഷിക്ക് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രധാന തുറുപ്പുചീട്ട്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്നും ഇതു വിജയം സമ്മാനിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ഇവിടെ ഇത്തവണ സീറ്റ് കോണ്‍ഗ്രസിനു വിട്ടുനല്‍കിയതോടെ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമായ റോയി കെ. പൗലോസിനെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. മണ്ഡലത്തിന്റെ വികസനം വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിയെന്നും പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പായില്ലെന്നുമാണ് യുഡിഎഫിന്റെ മുഖ്യപ്രചാരണം. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രതീഷ് പ്രഭയും മല്‍സരരംഗത്തുണ്ട്.
◄ഉടുമ്പന്‍ചോല►
മുന്‍ മന്ത്രി എം.എം. മണിയുടെ തട്ടകമെന്ന ഖ്യാതിയാണ് ഉടുമ്പന്ചോലയ്ക്കുള്ളത്. 2001 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലമാണിത്. തോട്ടം തൊഴിലാളികളും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന പ്രദേശമാണിവിടം. യുഡിഎഫ് സ്ഥാനാര്‍ഥിയായി സേനാപതി വേണുവും എല്‍ഡിഎഫിനുവേണ്ടി നേരത്തേ മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.കെ. ജയചന്ദ്രനും എന്‍ഡിഎയ്ക്കുവേണ്ടി സംഗീത വിശ്വനാഥനുമാണ് മത്സര രംഗത്തുള്ളത്.
എല്‍ഡിഎഫിന് ഉറപ്പെന്നു കരുതിയ മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പന്‍ചോല. എന്നാല്‍, എം.എം. മണി ഇത്തവണ മത്സരരംഗത്തില്ലാതെ
വന്നതോടെ ഇവിടെ മല്‍സരം കടുത്തതായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 197വോട്ടുകള്‍ മാത്രമാണ് ലീഡ് നേടാനായതെന്നതും യുഡിഎഫിന് പ്രതീക്ഷ നല്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെങ്കില്‍ ഭൂ പ്രശ്നങ്ങളും വന്യമൃഗശല്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. മത്സരം അവസാന ലാപ്പിലേക്ക് എത്തിയതോടെ കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും വിജയിച്ച എല്‍ഡിഎഫിനെ ഇത്തവണ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയോടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം.
◄പീരുമേട്►
തോട്ടം തൊഴിലാളികള്‍ വിധിയെഴുതുന്ന മണ്ഡലമാണിത്. തമിഴ് വംശജര്‍ കൂടുതലുള്ള ഇവിടെ തോട്ടം മേഖലയെ ചുറ്റിപ്പറ്റിയാണ് എല്ലായ്പോഴും പ്രചാരണം മുന്നേറുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇടതു-വലതുമുന്നണികള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനൊപ്പമായിരുന്നു ഈ മണ്ഡലം.
2016ല്‍ ഇ.എസ്. ബിജിമോള്‍ 334 വോട്ടുകള്‍ക്കാണ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ മണ്ഡലം ഇത്തവണ എങ്ങനെയും വരുതിയിലാക്കാനാണ് യുഡിഎഫ് ശ്രമം. സിറ്റിംഗ് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്റെ വിയോഗത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണ് എല്‍ഡിഎഫിനായി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ജില്ലയില്‍ സിപിഐയുടെ ഏക മണ്ഡലം നിലനിര്‍ത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പ്രചാരണം നടത്തിവരുന്നത്. എന്‍ഡഎ സ്ഥാനാര്‍ഥി രതീഷ് വരകുകാലയും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
◄ദേവികുളം►
രാജാമാരുടെ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ചൂട് എല്ലാ സീമയും അതിലംഘിച്ചാണ് മുന്നേറുന്നത്. ജില്ലയിലെ ഏക സംവരണ മണ്ഡലമായ ഇവിടെ യുവരക്തങ്ങള്‍ തമ്മിലാണ് പോരാട്ടം. എല്‍ഡിഎഫിനായി സിറ്റിംഗ് എംഎല്‍എ എ. രാജയും യുഡിഎഫിനായി എഫ്. രാജയും മത്സരിക്കുമ്പോള്‍ എന്‍ഡിഎയ്ക്കുവേണ്ടി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനാണ് രംഗത്തുള്ളത്. തമിഴ് വംശജരായ തോട്ടംതൊഴിലാളികള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്.
രാജ്യത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടി സ്ഥിതിചെയ്യുന്നതും ഈ മണ്ഡലത്തിലാണ്. തമിഴ് സ്വാധീനം മുന്‍നിര്‍ത്തി എഐഎഡിഎംകെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ എന്‍ഡിഎ ഘടകക്ഷിയായതോടെ ഇത്തവണ മത്സരരംഗത്തില്ല. മൂന്നു തവണ ഇവിടെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എസ്. രാജേന്ദ്രന്റെ മുന്നണിമാറ്റമാണ് ഇവിടെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അവസാനഘട്ടത്തിലേക്ക് എത്തിയതോടെ മൂന്നുമുന്നണികളും പ്രചാരണം കടുപ്പിക്കുകയാണ്.
International
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്.
യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു.
സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി.
ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Business
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സിഎസ്ഐആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും. ലോകത്തിലാദ്യമായി ബയോമെഡിക്കല്‍ മാലിന്യങ്ങളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉതകുന്ന മണ്ണിനു പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിനു തിരുവനന്തപുരം പാപ്പനംകോട്ടുള്ള സിഎസ്ഐആര്‍-നിസ്റ്റ് കാമ്പസ് വേദിയായി.
ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍. കലൈസെല്‍വി, ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാര്‍ ഔദ്യോഗികമായി നല്കി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടര്‍ ഡോ.സി. ആനന്ദരാമകൃഷ്ണന്, സിഎസ്ഐആര്‍ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷന് സെന്റര്‍ മേധാവി ഡോ. ശ്രീജിത്ത് ശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വെറും പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കിലോ മെഡിക്കല്‍ മാലിന്യത്തെ കൃഷിക്ക് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുര്‍ഗന്ധം ഒഴിവാക്കാന്‍ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങള്‍ ചേര്‍ക്കുന്ന സവിശേഷമായ രീതിയും ഇതില്‍ അവലംബിക്കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകള്‍ക്കൊടുവിലാണ് ഇവ പൂര്‍ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്.
പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാന്‍ ഇതിലൂടെ സാധിക്കും. ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്കരണ പ്രശ്നങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി പറഞ്ഞു.
കുറഞ്ഞ ചെലവില്‍ ആശുപത്രികളില്‍ തന്നെ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും. ഈ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്ന രാസപ്രക്രിയയ്ക്ക് 27 പേറ്റന്റുകളും മെഷീനറി പാര്‍ട്സിന് ഏഴു പേറ്റന്റും ലഭിച്ചിട്ടുണ്ട്.