പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
2018ലെയും 2019ലെയും പ്രളയത്തിനു ശേഷം സംസ്ഥാനത്തെ എല്ലാ നദികളിലും വലിയ തോതിൽ മണ്ണടിഞ്ഞിട്ടുണ്ട്. ഡാമുകളിലും സമാനമായ രീതിയിൽ മണ്ണ് നിറഞ്ഞതിനാൽ അവയുടെ സംഭരണശേഷി വളരെ കുറഞ്ഞു. ഇതു മൂലം ചെറിയ മഴ പെയ്യുന്പോൾതന്നെ നദികളിൽ വെള്ളം പൊങ്ങുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഡാമുകളിലെ ചെളി നീക്കം ചെയ്യാനും നദികളിലെ മണൽ വാരനും തീരുമാനമെടുത്തത്.
മഹാപ്രളയമുണ്ടായി എട്ടു വർഷമായിട്ടും ഇക്കാര്യത്തിൽ കഴിഞ്ഞ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്നുവിടുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ജനങ്ങൾക്കിടയിൽ യാതൊരുവിധ ഉത്കണ്ഠയും വേണ്ട. ഇടുക്കി അണക്കെട്ടിൽ 38.91 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇടമലയാറിൽ 46 ശതമാനവും ബാണാസുര സാഗർറിൽ 52 ശതമാനവും. കക്കിയിൽ 42 ശതമാനം, കല്ലട 45 ശതമാനം, മലന്പുഴ 35 ശതമാനം, പീച്ചി 34 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. നിലവിൽ മൂഴിയാർ അണക്കെട്ടിൽനിന്നു മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നത്.
Tags : Soil Rivers Removed Dams Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash