വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍രാജ്യമായ സൊമാലിയ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധി അവസാനിക്കാന്‍ പ്രാര്‍ഥിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ത്രികാലജപത്തിനിടെയായിരുന്നു മാര്‍പാപ്പ സൊമാലിയയുടെ യാതനകള്‍ അനുസ്മരിച്ചത്. സംഘര്‍ഷവും കൊടും വരള്‍ച്ചയും അസ്ഥിരമായ സൊമാലിയന്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു.
സൊമാലിയയ്ക്ക് സഹായമെത്തിക്കാന്‍ അന്താരാഷ് ട്ര സമൂഹം മുന്നോട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഏതാനും മാസമായി വിവിധ യുഎന്‍ ഏജന്‍സികള്‍ സൊമാലിയയ്ക്കുള്ള സഹായം വെട്ടിക്കുറച്ച സ്ഥിതിയാണുള്ളത്.
ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്ലാം മതവിശ്വാസികളായ രാജ്യമാണു സൊമാലിയ. 1991ല്‍ മുഹമ്മദ് സിയാഗ് ബാരെ അധികാരഭ്രഷ്ടനായശേഷം ആഭ്യന്തരകലഹത്തിന്റെ പിടിയിലാണ് രാജ്യം. ഇസ്ലാമിക തീവ്രവാദികള്‍ സൊമാലിയയില്‍ സമാന്തരഭരണം നടത്തിവരികയാണ്.