മുംബൈ: പ്രിയപ്പെട്ട ഭക്ഷണം കഴിക്കാൻ നിങ്ങൾ എത്ര ദൂരം പോകും? ഡൽഹിക്കാരിയായ ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പോയതു കേട്ടാൽ ആരും അമ്പരന്നുപോകും!
ഡൽഹിയിൽനിന്നു കഴിച്ച വടാപാവിന് രുചി പോരെന്ന തോന്നലിൽ, ഒറിജിനൽ മുംബൈ വടാപാവ് തന്നെ കഴിക്കണമെന്ന് യുവതി ഉറപ്പിച്ചു. ഒട്ടും മടിച്ചില്ല, നേരേ എയർപോർട്ടിലേക്ക് വച്ചുപിടിച്ചു! ടാക്സിയിലിരുന്ന് 5,000 രൂപയുടെ ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു.
മുംബൈയിൽ എത്തി കനത്ത ഗതാഗതക്കുരുക്ക് കാരണം അന്നു രാത്രി 4,000 രൂപയുടെ ഹോട്ടലിൽ തങ്ങി. പിറ്റേന്നു രാവിലെ തെരുവിലിറങ്ങി ഒടുവിൽ ഒരു തട്ടുകടയിൽനിന്ന് ആഗ്രഹിച്ച 20 രൂപയുടെ വടപാവ് സ്വന്തമാക്കി!
ടിക്കറ്റും ഹോട്ടൽ ചാർജും ടാക്സിയുമെല്ലാമായി 15,000 രൂപയോളം പോക്കറ്റിൽനിന്ന് ചോർന്നുവെങ്കിലും ആദ്യ കടയിൽത്തന്നെ ആ പണമെല്ലാം വസൂലായെന്നാണ് യുവതി പറയുന്നത്.
“എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചതിൽ വച്ച് ഏറ്റവും മികച്ച വടപാവ് ഇതാണ്!” എന്ന് ‘വിറ്റി സ്പേസ്’ എന്ന പേജിലൂടെ പങ്കുവച്ച വീഡിയോയിൽ യുവതി ആവേശത്തോടെ പറയുന്നു.