കൊച്ചി: ചെങ്ങമനാട്ട് കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ വരുന്ന മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ അയ്യൻകര വീട്ടിൽ മനോജ് കുമാർ (23), അങ്കമാലി പാലിയേക്കര വീട്ടിൽ മിഥുൻ (37) എന്നിവരാണ് പിടിയിലായത്.
ചെങ്ങമനാട് പൊലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 16ന് രാത്രി 11 ഓടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ മോഷ്ടാക്കൾ ചെങ്ങമനാടുള്ള മലഞ്ചരക്ക് കടയുടെ ഷട്ടർ കുത്തി തുറന്ന് അകത്ത് പ്രവേശിച്ച് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജാതിക്ക, ജാതി ഫ്ലവർ, ജാതിപരിപ്പ്, അടയ്ക്ക തുടങ്ങിയവ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
മനോജ് കുമാറിന് കാലടി അങ്കമാലി കോതമംഗലം, കുറുപ്പംപടി, ഏലൂർ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി 10 കേസുകളുണ്ട്. മിഥുൻ ഉടുമ്പൻചോല എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും, ആലുവ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.