മങ്കട: കേരള അണ്ടര്‍-17 സുബ്രതോ കപ്പ് ഫുട്ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മങ്കടയുടെ അഭിമാനതാരം ഹനാന് ഫാത്തിമ ഖലീല്‍റഹ്മാന്‍ കിളിയമണ്ണിലിനെ യുണൈറ്റഡ് എഫ്സി മങ്കട ആദരിച്ചു. ക്ലബ് ചെയര്മാന് പി.ടി. അബ്ദുസലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് ചെയര്മാന് ഷാജി ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സുരേന്ദ്രന് മങ്കട ഹനാന് ഫാത്തിമയ്ക്ക് ഉപഹാരം സമ്മാനിച്ചു.
ക്ലബ് പ്രസിഡന്റ് പി.അബ്ദുസമദ്, ഹാരിസ് പറച്ചിക്കോടന്‍, അബൂബക്കര്‍ സിദ്ധീഖ്, വി. സൈതാലി കുന്നുമ്മല്‍, കെ.അശോകന്, സി.പി. ഷഫീഖ്, ജിജോ എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ക്കാട് സ്വദേശിനിയായ ഹനാന് ഫാത്തിമ, കിളിയമണ്ണില്‍ ഖലീല്‍ റഹ്മാന്റെയും സുഫൈറയുടെയും മകളാണ്.
കേരള അണ്ടര്‍-17 ടീമിലേക്ക് ഇടം നേടിയ ഹനാന് ഫാത്തിമയുടെ നേട്ടം മങ്കടയിലെ കായികപ്രേമികള്‍ക്കും ഫുട്ബോള്‍ മേഖലയ്ക്കും വലിയ അഭിമാനമാണ്. ദേശീയതല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കേരളത്തിനും മങ്കടയ്ക്കും കൂടുതല്‍ അഭിമാനനേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഹനാന് കഴിയട്ടേയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.
യുണൈറ്റഡ് എഫ്സി മങ്കടയുടെ നേതൃത്വത്തില്‍ നാടിന്റെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനും യുവതാരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.