തണുത്തുറഞ്ഞ സമുദ്രജലത്തിൽ മാത്രം വളരുന്ന സാൽമൺ മത്സ്യങ്ങളെ മരുഭൂമിയുടെ അന്തരീക്ഷത്തിൽ, ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാതെ വളർത്തിയെടുക്കാമെന്ന് തെളിയിക്കുകയാണ് ഒരു ഇസ്രേലി സ്റ്റാർട്ടപ്പ്. പരമ്പരാഗതരീതികളെ മാറ്റിമറിച്ച് ആഗോള മത്സ്യകമ്പോളത്തെത്തന്നെ പുനർനിർവചിക്കാനുള്ള ഈ സ്റ്റാർട്ടപ്പിന്റെ കഥ അത്യന്തം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് സാൽമൺ. മികച്ച പോഷകഗുണവും രുചിയുമുള്ള ഈ മത്സ്യം പക്ഷേ, ഉത്പാദിപ്പിക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല. നോർവേ, ചിലി തുടങ്ങിയ തണുത്തുറഞ്ഞ സമുദ്രമേഖലകളിലാണ് സാൽമൺ മത്സ്യകൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് ഇസ്രയേലിൽനിന്നുള്ള സ്പ്രിംഗ് സാൽമൺ എന്ന സ്റ്റാർട്ടപ്പ് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടത്.
മരുഭൂമിയിലെ അത്ഭുതം
ലോകത്തിൽത്തന്നെ സാൽമൺ മത്സ്യം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇസ്രയേലി ജനതയാണ്. രാജ്യത്തെ വിപണിയിലുള്ള സാൽമണിന്റെ ഭൂരിഭാഗവും വൻതുക ചെലവഴിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരവുമായിട്ടാണ് ഇസ്രേലി സ്റ്റാർട്ടപ്പ് രംഗത്തെത്തിയിരിക്കുന്നത്.
തണുത്ത കടൽവെള്ളത്തിൽ മാത്രം ജീവിക്കുന്ന ഈ ഇനത്തെ ഇസ്രയേലിന്റെ പ്രാദേശിക അന്തരീക്ഷത്തിൽ കൃത്രിമമായി ഉത്പാദിപ്പിച്ചു ടാങ്കുകളിൽ വിജയകരമായി വളർത്താൻ ഇവർക്ക് സാധിച്ചു. ഇസ്രയേലിലെ സദെ എലിയാഹു എന്ന സ്ഥലത്ത്, വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാവുന്ന അന്തരീക്ഷത്തിലാണ് ഇവർ ഇതിനായി പ്രത്യേക ഫാക്ടറി സ്ഥാപിച്ചത്.
കമ്പനി വികസിപ്പിച്ചെടുത്ത ആർഎഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജലത്തിന്റെ താപനിലയും ഗുണനിലവാരവും സാൽമൺ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ നിയന്ത്രിക്കുന്നത്. അതികഠിനമായ ചൂടിലും കുറഞ്ഞ ഊർജ ഉപഭോഗത്തിലൂടെ ജലം തണുപ്പിച്ചുനിർത്താൻ കഴിവുള്ള എനർജി ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്.പരമ്പരാഗത സമുദ്ര അക്വാകൾച്ചർ നേരിടുന്ന പ്രധാന വിമർശനങ്ങളിലൊന്നാണ് കടലിലെ മലിനീകരണവും രോഗപ്രതിരോധത്തിനായി വൻതോതിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ഹോർമോണുകളും.
എന്നാൽ, പുതിയ ആഎഎസ് രീതിയിൽ ആന്റിബയോട്ടിക്കുകളും ഹോർമോണുകളും പൂർണമായി ഒഴിവാക്കുന്നു. ഇതുവഴി പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ തോതിലാക്കി സുരക്ഷിതവും ശുദ്ധവുമായ സൂഷി ഗ്രേഡ് സാൽമൺ ഉത്പാദിക്കാൻ ഇവർക്ക് സാധിക്കുന്നു.
പരീക്ഷണത്തിൽനിന്ന് വിജയത്തിലേക്ക്
ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ, അഞ്ചു ഘട്ടങ്ങളിലായി ഏകദേശം 20,000 മത്സ്യങ്ങളെ കമ്പനി വിജയകരമായി വളർത്തിയെടുത്തിരുന്നു. അതിൽ ആദ്യബാച്ചിലെ മത്സ്യങ്ങൾ ഏകദേശം അഞ്ചു കിലോ വരെ തൂക്കം കൈവരിച്ചിരുന്നു. ഭാവിയിൽ പ്രതിവർഷം 1500 ടൺ ഉത്പാദനശേഷിയുള്ള വൻകിട വാണിജ്യഫാം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംരംഭകർ.
വാണിജ്യഫാം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിനോടകം ലഭ്യമാണെന്ന് സ്പ്രിംഗ് സാൽമൺ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബരാക് ഗോൾഡ്ഷ്മിറ്റ് പറയുന്നു. നിലവിലെ പൈലറ്റ് പ്ലാന്റ് ഭാവിയിൽ വൻകിട പദ്ധതിയുടെ നഴ്സറിയാക്കി പരിവർത്തനപ്പെടുത്താനാണ് ഇവരുടെ ലക്ഷ്യം. ഇസ്രയേൽ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലാണ് പ്ലാന്റിന്റെ പ്രവർത്തനം. പ്ലാന്റിന്റെ എൻജിനിയറിംഗ് ഡിസൈൻ അമേരിക്കയുടേതാണ്. ഐസ്ലൻഡിൽനിന്നാണ് മികച്ച ഗുണനിലവാരമുള്ള സാൽമൺ മത്സ്യമുട്ടകൾ എത്തിക്കുന്നത്.
എന്തുകൊണ്ട് ഇതൊരു ആഗോള വിപ്ലവം
ലോകമെമ്പാടും കടലിലെ സാൽമൺ കൃഷി പരിസ്ഥിതിനാശത്തിനും കടൽമലിനീകരണത്തിനും കാരണമാകുന്നുവെന്ന വിമർശനം ഉയരുന്ന സമയത്താണ് ഇസ്രയേലിലെ ഈ പുതിയ ഉദ്യമം. സാൽമൺ മത്സ്യകൃഷിയുടെ കേന്ദ്രങ്ങൾ നിലവിൽ നോർവേ പോലുള്ള കുറച്ചു വികസിതരാജ്യങ്ങളിൽ മാത്രം പരിമിതപ്പെട്ടിരിക്കുകയാണ്. അവിടെനിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വിമാനത്തിലാണ് ഇവയെത്തിക്കുന്നത്. ഇതു ചെലവേറിയതാണ്.
ഇസ്രേലി സ്റ്റാർട്ടപ്പിന്റെ ഈ സാങ്കേതികവിദ്യ വിജയം കാണുന്നതോടെ, ലോകത്തിലെ ഏതു കാലാവസ്ഥയിലുള്ള രാജ്യത്തും സ്വന്തം ആവശ്യത്തിനുള്ള സാൽമൺ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതുവഴി ഇറക്കുമതിച്ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മണിക്കൂറുകൾക്കകം മത്സ്യം ലഭ്യമാക്കാനും വഴിതെളിക്കും.
പുതിയ സാങ്കേതികവിദ്യ പരിസ്ഥിതിയോട് ഏറെ ചേർന്നുനിൽക്കുന്നതാണ്. സമുദ്രങ്ങളിലെ അമിത മത്സ്യബന്ധനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനും സുസ്ഥിരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇസ്രയേലി കണ്ടെത്തൽ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പരമ്പരാഗത മത്സ്യബന്ധന രീതികളെ അട്ടിമറിച്ചുകൊണ്ട് സുസ്ഥിര ആഹാര ഉത്പാദനത്തിന്റെ ഭാവി ഇനി കരയിലെ ഫാമുകളായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് സ്പ്രിംഗ് സാൽമൺ എന്ന സംരംഭം ലോകത്തിന് നൽകുന്ന സന്ദേശം.
ആഎഎസിന്റെ പ്രവർത്തനം എങ്ങനെ
റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്) എന്നത് വളർത്തുമത്സ്യങ്ങൾ കിടക്കുന്ന വെള്ളം പുറത്തേക്കു കളയാതെ അതു നിരന്തരം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന ഒരു ഇൻഡോർ സാങ്കേതികവിദ്യയാണ്. വെള്ളത്തിന്റെ ഉപഭോഗം 90 ശതമാനം വരെ കുറയ്ക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
ജലത്തിലെ മാലിന്യം വേർതിരിക്കാൻ ഇതിൽ പ്രത്യേക സംവിധാനമുണ്ട്. മത്സ്യങ്ങൾ പുറന്തള്ളുന്ന വിഷാംശം കലർന്ന അമോണിയ വെള്ളത്തിൽ കലരുന്നത് തടയാനും പ്രത്യേക സാങ്കേതികവിദ്യയുണ്ട്. ഇതിനുപുറമെ ജലത്തിൽ ഓക്സിജൻ സമൃദ്ധി ഉറപ്പാക്കാനും മത്സ്യങ്ങൾ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് വെള്ളത്തിൽനിന്നു നീക്കം ചെയ്യാനുള്ള സംവിധാനവുമുണ്ട്. അണുനശീകരണത്തിനും താപനില ക്രമീകരിക്കാനും വേണ്ട സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
അടിമുടി ഗുണമുള്ള സാൽമൺ
ലോകത്തിലെതന്നെ ഏറ്റവുമധികം പോഷകസമ്പുഷ്ടമായ മത്സ്യമാണ് സാൽമൺ. തലമുടി, സന്ധികൾ, ചർമം, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രൊട്ടീൻ, വൈറ്റമിൻ എന്നിവയുടെ കലവറയാണു സാൽമൺ. ഹൃദ്രോഗസാധ്യത കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണകരമാണ്. കൂടാതെ മെറ്റബോളിസം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സാൽമൺ കഴിക്കുന്നത് ഗുണകരമാണ്.
സാൽമണിൽ ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.