District News
ചങ്ങനാശേരി: കൊടിയ ഉഷ്ണത്തിന് ആശ്വാസമായി കൊടുങ്കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ വേനൽ മഴ. ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇടിമിന്നലും കൊടുങ്കാറ്റും ശക്തമായിരുന്നെങ്കിലും അപകട സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെ മഴ പെയ്തത്.
കൊടിയ വേനൽച്ചൂടിനെത്തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. തദ്ദേശ സ്ഥാപനം ശുദ്ധജല വിതരണം നടത്തുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം പൂർണമായി പരിഹരിക്കപ്പെടാനാവുന്നില്ല. ഈ അവസ്ഥയിലാണ് ശക്തമായ മഴ ആശ്വാസമായത്.
വൈദ്യുതി ബന്ധം തകരാറിലായി
മാടപ്പള്ളി: കാറ്റിനെയും മഴയെയും തുടർന്ന് തെങ്ങണ, തൃക്കൊടിത്താനം സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങി. കുന്നുംപുറം, നാലുകോടി, മുക്കാട്ടുപടി, മോസ്കോ, വെങ്കോട്ട, മാമ്മൂട്, കുറുമ്പനാടം പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി ഉദ്യോഗസ്ഥരെത്തി കുറച്ചുസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കൂടുതൽ സ്ഥലങ്ങളിൽ ഒരു പോലെ വൈദ്യുതി ബന്ധം തടസപ്പെട്ടാൽ പരിഹരിക്കാൻ സെക്ഷനുകളിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതിയുണ്ട്.
District News
മലപ്പുറം: ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "വേനൽ മഴ’ അവധിക്കാല ക്യാന്പിന് തുടക്കമായി. തവനൂർ ചിൽഡ്രൻസ് ഹോമിൽ നടന്നക്യാന്പ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗാത്മക ശേഷിയും ആത്മവിശ്വാസവും വളർത്തുന്ന ഇത്തരം കൂട്ടായ്മകൾ അവരുടെ ഭാവി പ്രകാശ പൂർണമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അവധിക്കാലത്ത് വീടുകളിലേക്ക് പോകാൻ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടൽ ഒഴിവാക്കി അവർക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം, യുവതാ കൾച്ചറൽ ഓർഗനൈസേഷൻ, മൈൽസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടക്കുന്നത്.
കുട്ടികളുടെ സർവതോമുഖമായ വികസനം മുൻനിർത്തി വിപുലമായ പരിപാടികളാണ് ക്യാന്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നാടകക്കളരി, ഒറിഗാമി, പപ്പറ്റ് ഷോ, മാജിക് ഷോ, കുട്ടികളുടെ മാസിക നിർമാണം എന്നിവയിലൂടെ അവരുടെ സർഗാത്മകത വളർത്താനും ബ്രെയിൻ ജിം, യോഗ, ലൈഫ് സ്കിൽസ് പരിശീലനം, നീന്തൽ എന്നിവയിലൂടെ ശാരീരിക-മാനസിക കരുത്ത് വർധിപ്പിക്കാനും ക്യാന്പ് ലക്ഷ്യമിടുന്നു.
കൂടാതെ ശാസ്ത്ര കൗതുകം, ഗണിതം മധുരം, നക്ഷത്രബംഗ്ലാവ് സന്ദർശനം, കാർഷിക പരിശീലനം, ഫയർ ആൻഡ് റെസ്ക്യൂ ബോധവത്കരണം എന്നിങ്ങനെയുള്ള 20ലധികം പരിപാടികളിലൂടെ പ്രായോഗികമായ അറിവുകൾ കുട്ടികൾക്ക് നൽകും.
ജീവിതവിജയം നേടിയ മുൻ ചിൽഡ്രൻസ് ഹോം വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയും പഠനയാത്രകളും ക്യാന്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനൊപ്പം അവരുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സിഡബ്ല്യുസി ചെയർപേഴ്സണ് എ. മമ്മു അധ്യക്ഷത വഹിച്ചു.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശേരി, സിഡബ്ല്യുസി അംഗങ്ങളായ പി. പ്രസന്ന, സതീഷ്, ഫനൂജ, ചിൽഡ്രൻസ് ഹോം സുപ്രണ്ട് എൻ. ടി സൈനബ, യുവത കൾച്ചറൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി എം. നാസർ, പ്രൊട്ടക്ഷൻ ഓഫീസർ എ.കെ. മുഹമ്മദ് സാലിഹ്, ശാന്തി ഭവനം ജനറൽ സെക്രട്ടറി എം. നാസർതുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ചടങ്ങിൽ സംബന്ധിച്ചു.