1971 അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ചിത്രീകരണം ചേർത്തലയിൽ നടക്കുന്നു. ഒരു കയർ ഫാക്ടറിയിലെ സമരരംഗമാണ് കാമറയിൽ പകർത്തുന്നത്.. സത്യൻ, പ്രേംനസീർ, ബഹദൂർ തുടങ്ങി അന്നത്തെ വന്പൻ താരങ്ങളെല്ലാം സെറ്റിലുണ്ട്. അവിടേക്കു വെളുത്ത് കൊലുന്നനെയുള്ള ഒരു പയ്യൻ ഭയാശങ്കകളോടെ കയറിവരുന്നു. സംവിധായകൻ സേതുമാധവൻ, ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗിലുണ്ടാകുന്ന തിരക്കിലും ടെൻഷനിലുമാണ്. ആ പയ്യൻ രണ്ടും കൽപിച്ച് സേതുമാധവന്റെ അരികിലെത്തി പതുക്കെ പറഞ്ഞു. ‘ ഇന്നലെ കോട്ടയത്ത് വന്നിരുന്നു. ചാൻസിന്റെ കാര്യം...’
ഇതു പറഞ്ഞതും സേതുമാധവൻ തലയുയർത്തി പയ്യനെ അടിമുടി നോക്കിയിട്ട് പറഞ്ഞു... ‘കൊള്ളാം, പക്ഷേ ശരീരം പോരാ. നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലേ ആയുളളൂ. എന്തായാലും കുറച്ചുനേരം വെയ്റ്റ് ചെയ്യൂ’. എന്നാല്‍ അന്ന് സന്ധ്യവരെ അവിടെ നിന്നെങ്കിലും സംവിധായകനെ കാണാൻ അവസരം ലഭിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകന് ആ ചെറുപ്പക്കാരനെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളില്‍ അഭിനയിക്കണം എന്നു പറഞ്ഞു. സ്വർഗം കിട്ടിയ സന്തോഷം. അങ്ങനെ സിനിമയിൽ മുഖം കാണിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലമായി. അപ്പോഴാണ് ലൊക്കേഷനില്‍ ഉറങ്ങുകയായിരുന്ന നടൻ സത്യനെ കണ്ടത്. സത്യൻപോലും അറിയാതെ അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങി ആ ചെറുപ്പക്കാരൻ അനുഗ്രഹം തേടി.
അങ്ങനെ വിശ്രുത ഛായാഗ്രഹകൻ മെല്ലി ഇറാനിയുടെ കാമറയിൽ ആദ്യമായി ആ യുവാവിന്റെ മുഖം പതിഞ്ഞു. ഇവിടെ ഒരു താരം ജനിക്കുകയായിരുന്നു. പേരോ സംഭാഷണമോ ഒന്നുമില്ലാത്ത രണ്ടോ മൂന്നോ ഷോട്ടുകളിൽ വന്നുപോകുന്ന കഥാപാത്രം. മമ്മൂട്ടി എന്ന മഹാനടന്റെ പിറവി എങ്ങനെയായിരുന്നു എന്നതിന്റെ ഉത്തരം ഇതാണ്. നിരന്തരമായ പരിശ്രമത്തിലൂടെയും അദമ്യമായ ആഗ്രഹത്തിലൂടെയും നേടിയെടുത്ത താരസിംഹാസനം.
കാലവും പ്രായവുമെല്ലാം അദ്ദേഹത്തിനു മുന്നിൽ വണങ്ങുന്നതു നാം കണ്ടു. മമ്മൂട്ടിയെ സംബന്ധിച്ച് അതൊക്കെയും ക്ലീഷേ പ്രയോഗങ്ങളായി. ജീവിതചക്രം 75 സംവത്സരങ്ങൾ പൂർത്തിയാക്കുന്പോൾ ഈ പ്രതിഭയുടെ കരിയറും ജീവിതവുമൊക്കെ മലയാളികൾക്ക് മനഃപാഠമാണ്. അതുകൊണ്ടുതന്നെ ചില ഓർമപ്പെടുത്തലുകൾ ആവർത്തന വിരസതയാകാമെങ്കിലും സിനിമയുടെയും ജീവിതത്തിന്റെയും ഗൃഹാതുരത്വത്തിലേക്ക് അതു നമ്മെ കൊണ്ടുപോകും. വൃദ്ധനെന്നോ മധ്യവയസ്കനെന്നോ യുവാവെന്നോ ജെൻസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും വേരുറച്ച ഈ മൂന്നക്ഷരം....
കാലത്തിന്റെ മഹാപ്രവാഹത്തിൽ എത്രയെത്ര താരങ്ങളാണ് പൊലിഞ്ഞത്. അവിടെ അതിജീവനത്തിന്റെ കരുത്തുമായി മമ്മൂട്ടി എന്ന മഹാനടൻ നമുക്കെല്ലാം പ്രചോദനവും ആശയുമായി മാറുകയാണ്. 75 വയസുകാരന് ഇനിയും ഏറെക്കാലം അടിപൊളിയായി ജീവിക്കാനുണ്ട് എന്ന തോന്നലാണ് മമ്മൂട്ടി നല്‍കുന്നത്. യുവാക്കൾക്ക് ആകട്ടെ, പരിശ്രമിച്ചാൽ നേടാനാവാത്തതായി ഒന്നുമില്ല എന്ന വലിയൊരു സന്ദേശവും.
വർഷങ്ങൾ പറയുന്ന കഥകൾ
1951- 1971
1951 സെപ്റ്റംബർ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും സീമന്തപുത്രനായി ഇടത്തരം കുടുംബത്തിൽ ജനനം. പിന്നീട് ഇവർ വൈക്കത്തിനടുത്ത് ചെന്പിലേക്കു താമസം മാറ്റി. മമ്മൂട്ടി എന്ന നടന്റെ ബാല്യകൗമാരങ്ങൾ ഈ ഗ്രാമത്തിലായിരുന്നു. മഹാരാജാസ് കോളജിലെ ബിരുദ പഠന സമയത്തായിരുന്നു 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാണിച്ചത്.
1979
സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിലേക്കു കടന്നുവന്ന വർഷം. അവിടെ അദ്ദേഹത്തിന്റെ ജീവിതത്തിനു പുതുശോഭയുണ്ടാകുകയായിരുന്നു. ഭർത്താവിന്റെ വിജയത്തിനു പിന്നിൽ നിശബ്ദയായി പ്രവർത്തിച്ച വനിത. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ സിനിമാതിരക്കുകളിലേക്കു മമ്മൂട്ടി നീങ്ങിയപ്പോൾ കുടുംബകാര്യങ്ങൾ സുൽഫത്തിന്റെ കൈകളിൽ ഭദ്രമായി. ഒരു മഹാനടന് സ്വതന്ത്രമായി പറക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കിക്കൊടുത്തു.
1980- 86
എൽഎൽബി പഠനത്തിനുശേഷം മഞ്ചേരി കോടതിയിൽ വക്കീലായി പ്രാക് ടീസ് ചെയ്യുന്ന സമയത്താണ് മമ്മൂട്ടിക്ക് സിനിമയിൽ വീണ്ടും അവസരം ലഭിക്കുന്നത്. എക്കാലത്തും മമ്മൂട്ടിയെ പ്രോത്സാഹിപ്പിച്ച എം.ടി. വാസുദേവൻനായരുടെ ദേവലോകം എന്ന ചിത്രം. 1979ലായിരുന്നു ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം നിന്നുപോയി. എംടി തന്നെ 1980ൽ തന്റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ചെറിയൊരു റോൾ നൽകി. അങ്ങനെ ആദ്യമായി പേരും സംഭാഷണവുമുള്ള ഒരു കഥാപാത്രം ലഭിച്ചു. പതുക്കെ പതുക്കെ മമ്മൂട്ടി എന്ന നടൻ പിച്ചവച്ചു തുടങ്ങി.
1981ൽ കെ.ജി. ജോർജിന്റെ മേളയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് കൊമേഴ്സ്യൽ സിനിമയിൽ ചുവടുറപ്പിച്ചു. ആ വർഷംതന്നെ ഐ.വി. ശശിയുടെ തൃഷ്ണ, പി.ജി. വിശ്വംഭരന്റെ സ്ഫോടനം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പ്രേംനസീറിനുശേഷം സൗന്ദര്യവും പൗരുഷവും ഒത്തിണങ്ങിയ നടനെ പ്രേക്ഷകർ കണ്ടെത്തിത്തുടങ്ങുകയായിരുന്നു . 1981ൽ റിലീസായ ഐ.വി. ശശിയുടെ മറ്റൊരു ചിത്രമായ അഹിംസയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1982ൽ കെ.ജി. ജോർജിന്റെ യവനിക ഉൾപ്പടെ 23 സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്.
84ൽ പി.ജി. വിശ്വംഭരന്റെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, പിൻനിലാവ് എന്നീ സിനിമകൾ 150 ദിവസം തിയറ്റർ നിറഞ്ഞോടി. അതോടെ മമ്മൂട്ടിക്ക് താരപരിവേഷം ലഭിച്ചുതുടങ്ങി. കൂടെവിടെ, ആ രാത്രി, അതിരാത്രം, കാണാമറയത്ത്, തുടങ്ങിയ വന്പൻ ഹിറ്റുകളാണ് ആ വർഷം വന്നത്. ഒപ്പം ഐ.വി.ശശിയുടെ അടിയൊഴുക്കുകളിലെ കരുണൻ എന്ന കഥാപാത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 85ൽ യാത്ര, നിറക്കൂട്ട്, അനുബന്ധം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു.
പ്രതിസന്ധിയുടെ കാലഘട്ടം
മമ്മൂട്ടിക്ക് കരിയറിൽ അസാധാരണ പ്രതിസന്ധി നേരിട്ട കാലമായിരുന്നു എൺപതുകളുടെ പകുതി. ഒന്നിനുപിറകേ ഒന്നായി സിനിമകൾ പരാജയപ്പെട്ടു. സിനിമയിൽ നിന്ന് ഔട്ടാകുമെന്നുവരെ ചിലർ പ്രവചിച്ചു. പക്ഷേ അത്തരം പ്രതിസന്ധികളിൽ ഭാഗ്യവും കഴിവും ഒരുപോലെ മമ്മൂട്ടിയെ തുണയ്ക്കുന്നതായി കാണാം. 1987ൽ ജോഷിയുടെ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്.
ചിത്രത്തിലെ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രം സൃഷ്ടിച്ച തരംഗം അദ്ദേഹത്തിന്റെ കരിയറിലെ സുവർണരേഖയായി. പിന്നീടൊരിക്കലും മമ്മൂട്ടിക്ക് വലിയ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നില്ല. സിനിമ വ്യവസായം നേരിട്ട പൊതുവായ പ്രശ്നങ്ങളെല്ലാം അദ്ദേഹത്തെയും ബാധിച്ചുവെന്നതൊഴിച്ചാൽ തൊണ്ണൂറുകളും രണ്ടായിരവും ഇപ്പോൾ 2026 വരെയും മമ്മൂട്ടിയുടെ യുവത്വം കൊണ്ടാടുകയാണ് പ്രേക്ഷകർ.
സ്റ്റൈൽ, ഫാഷൻ മന്നൻ
സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ മമ്മൂട്ടിയെ വെല്ലാൻ മലയാളത്തിലാരുമില്ല. മമ്മൂട്ടിയുടെ ഫാഷൻ സെൻസിനെക്കുറിച്ച് മുൻപ് നടൻ അനൂപ് മേനോൻ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം ഞാൻ ദുബായിലെ ഒരു വാച്ച്കടയിൽ പോയപ്പോൾ, 90കളുടെ തുടക്കത്തിൽ പഴയ ബുർജ്മാൻ സെന്ററിൽ IWC, Patek തുടങ്ങിയ വാച്ചുകൾ അന്വേഷിച്ചു വരാറുണ്ടായിരുന്ന ഒരു ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറിനെക്കുറിച്ച് അവിടുത്തെ മുതിർന്ന സ്റ്റാഫുകളിൽ ഒരാൾ എന്നോട് പറഞ്ഞു.
വാച്ചുകളെക്കുറിച്ച് അവിടുത്തെ സമ്പന്നരായ ഷെയ്ഖുകൾക്ക് പോലുമില്ലാത്ത അറിവും അവയോടുള്ള പാഷനും കാണിച്ച ആ സൂപ്പർസ്റ്റാർ കടയിലുള്ളവരെ വിസ്മയിപ്പിച്ചു. അയാൾക്ക് ആ സൂപ്പർസ്റ്റാറിന്റെ പേര് ഓർക്കാൻ കഴിഞ്ഞില്ല, പക്ഷേ, അതീവസുന്ദരനായൊരു നടനായിരുന്നു അതെന്ന് അയാൾ ഓർത്തെടുത്തു. എനിക്കറിയാമായിരുന്നു, അത് മറ്റാരുമാകാൻ വഴിയില്ലെന്ന് എന്നാണ് അനൂപ് മേനോൻ കുറിച്ചത്.
ആദ്യ സീനിൽ പതറിയപ്പോൾ
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ രണ്ടു സീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച മമ്മൂട്ടി പക്ഷേ, ആദ്യ അഭിനയത്തിൽ പല തവണ റിഹേഴ്സൽ എടുത്തിട്ടും ഓകെ ആയില്ല. ബഹദൂറിനൊപ്പം ഓടിക്കിതച്ചുവരുന്ന സീനാണ് ആദ്യമെടുത്തത്..ആദ്യ റിഹേഴ്സലിന്റെ സമയത്ത് കണ്ണ് ഇറുക്കിപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണ് മമ്മൂട്ടി ഓടി വരുന്നത്. റിഫ്ളക്്ടറിന്റെ ചൂടും പ്രകാശവും കാരണം കണ്ണ് തുറക്കാനാവുന്നില്ല.
ഇത് കണ്ട് നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്, ശരിക്കും ഓടി വരൂ എന്ന് സംവിധായകന് പറഞ്ഞു. എന്നാല്‍ രണ്ട് റിഹേഴ്സല്‍ കഴിഞ്ഞിട്ടും പ്രകടനം ശരിയായില്ല. തുടര്‍ന്ന് നിങ്ങളങ്ങോട്ട് മാറിനില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം എന്ന് സംവിധായകൻ സേതുമാധവന് പറഞ്ഞപ്പോള്‍ മമ്മൂട്ടി തളര്‍ന്നുപോയി. ഒരു പ്രാവശ്യംകൂടി ഞാന്‍ ശ്രമിക്കാം സാര്‍ എന്ന് പറഞ്ഞപ്പോള്‍ സംവിധായകൻ ഒരു റിഹേഴ്സല്കൂടി നടത്തി. അങ്ങനെ ഒരുവിധത്തില്‍ ആ ഷോട്ട് എടുത്തു.
പേരു മാറ്റിയ മമ്മൂട്ടി
തന്റെ പേരിനോട് മമ്മൂട്ടിക്ക് ആദ്യകാലത്ത് ഒട്ടും താത്പര്യമില്ലായിരുന്നു. മുഹമ്മദ്കുട്ടിയെ ചുരുക്കി മമ്മൂട്ടി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. എന്നാൽ സിനിമയ്ക്കുവേണ്ടി സജിൻ എന്ന പേരു മാറ്റിനോക്കി. ബ്രാക്കറ്റിൽ മമ്മൂട്ടിയെന്നും വച്ചു. പി.ജി. വിശ്വംഭരന്റെ സ്ഫോടനത്തിൽ അഭിനയിക്കുന്പോഴൊക്കെ ഈ പേരാണ് ഉപയോഗിച്ചത്. എന്നാൽ മമ്മൂട്ടി എന്ന പേരിൽത്തന്നെ ലോകമെമ്പാടും അറിയപ്പെടാനായിരുന്നു വിധി.
മമ്മൂട്ടിയും ജാഡയും
മമ്മൂട്ടി വലിയ ജാഡക്കാരനാണെന്ന് പണ്ട് പൊതുവേ സംസാരമുണ്ടായിരുന്നു. എന്നാൽ അടുത്തറിയുന്നവർക്കറിയാം അതിൽ കഥയൊന്നുമില്ലെന്ന്. അതിനെക്കുറിച്ച് മമ്മൂട്ടിതന്നെ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. മലയാളികൾക്ക് പൊതുവേ ജാഡയുണ്ട്. പക്ഷേ, നമ്മൾ എത്ര ചെറുതാണെന്ന് എനിക്ക് മനസിലാക്കിത്തന്നത് അമിതാഭ് ബച്ചനാണ്. അദ്ദേഹവുമായി ഒരിക്കൽ വേദി പങ്കിട്ടപ്പോഴുള്ള പെരുമാറ്റം തന്നെ വല്ലാതെ ആകർഷിച്ചെന്നും ബച്ചനെ ഓർക്കുമ്പോളെല്ലാം സ്വയം തിരുത്താൻ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.
നെഗറ്റീവിൽനിന്ന് പോസിറ്റീവിലേക്ക്
ഒരു നടനെന്ന നിലയിൽ തനിക്ക് പോസിറ്റീവ് ആയ ഗുണങ്ങൾ ഒന്നുംതന്നെയില്ലെന്നും കഠിനാധ്വാനവും നിരന്തരമായ ശ്രമങ്ങളും മാത്രമാണ് മുന്നോട്ടു നയിക്കുന്നതെന്നും ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു. “ആളുകൾ പറയുന്നതുപോലെ എനിക്ക് നൃത്തം ചെയ്യാനോ പാടാനോ കോമഡി ചെയ്യാനോ അറിയില്ല. നടപ്പിൽപ്പോലും പ്രശ്നങ്ങൾ ഉണ്ട്. എന്നിൽ നിറയെ നെഗറ്റീവുകൾ മാത്രമേ ഞാൻ കാണുന്നുള്ളൂ. പോസിറ്റീവ് ആയി ഒന്നും തോന്നിയിട്ടില്ല. ഒരേയൊരു നല്ല ഗുണം ചെയ്യുന്ന കഥാപാത്രമായി ഞാൻ പൂർണമായും മാറും എന്നതാണ്.’’ സ്വന്തം വ്യക്തിത്വവുമായി കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ താൻ ഒരു പരാജയമാണെെന്നും മമ്മൂട്ടി പറയുന്നു.
ബോൺ ആക്ടറല്ല, പക്ഷേ...
മമ്മൂട്ടിയെക്കുറിച്ച് സിനിമാ വിശാരദന്മാർ കണ്ടെത്തുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരു ബോൺ ആക്ടറല്ല. പരിശ്രമത്തിലൂടെ വളർന്നുവന്ന നടനാണെന്ന്. മമ്മൂട്ടിയും താനൊരു ബോൺ ആക്ടറല്ല എന്നു പറയാനുള്ള ആർജവം കാട്ടിയിട്ടുണ്ട്. പക്ഷേ, ഈ വാക്കുകൾ തമ്മിലുള്ള അതിർവരന്പുകൾ ഇല്ലാതാക്കുന്നതായി അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രകടനങ്ങൾ. എൺപതുകളുടെ തുടക്കത്തിലെ കഥാപാത്രങ്ങളിൽ ഈ കൃത്രിമത്വം നമുക്ക് കാണാനാകുമെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ അതിനെ മറികടക്കുന്ന മികവ് അദ്ദേഹം പ്രകടമാക്കി. ഹാസ്യം മമ്മൂട്ടിക്ക് വഴങ്ങില്ല എന്നു പറഞ്ഞവർക്ക് കോട്ടയം കുഞ്ഞച്ചനിലൂടെ ആദ്യകാലത്തുതന്നെ അദ്ദേഹം മറുപടി നൽകി.
പിന്നീട് രാജമാണിക്യവും പ്രാഞ്ചിയേട്ടനുമുൾപ്പടെ എത്രയെത്ര സിനിമകൾ. അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളെ പ്രേക്ഷരുടെ മനസുലയ്ക്കുന്ന രീതിയിലുള്ള ശബ് ദ മോഡുലേഷനിലൂടെ ഗംഭീരമാക്കിയ സിനിമകളായിരുന്നു യാത്രയും അമരവും തനിയാവർത്തനവുമെല്ലാം. പൊലിസ്-പട്ടാള കഥാപാത്രങ്ങളും ഇത്രത്തോളം ഗംഭീരമാക്കിയ നടന്മാർ ചുരുക്കം. ആവനാഴിയിലെയും ഇൻസ്പെക്ടർ ബൽറാമിലെയുമൊക്കെ പരുക്കൻ പൊലിസ് വേഷങ്ങളും സിബിഐ ഡയറിക്കുറിപ്പിലെ സാത്വികനായ പൊലീസും വേഷപ്പകർച്ചയുടെ സുന്ദരമായ അനുഭവങ്ങളാണ്. സൈന്യവും നായർസാബുമൊക്കെ പട്ടാളവേഷങ്ങളുടെ മാസ്റ്റർപീസുകളായി.
റിലീസ് ചെയ്ത് വർഷങ്ങൾക്കുശേഷവും പല സിനിമകളിലെയും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരും മാനറിസങ്ങളും പ്രേക്ഷകർക്ക് മറക്കാനാവുന്നില്ല. മമ്മൂട്ടിയേക്കാളുപരി കഥാപാത്രമാണ് പ്രേക്ഷക മനസിൽ നിൽക്കുന്നത്. ഒരു നടനെ സംബന്ധിച്ച് ഇതിൽപരം വിജയം മറ്റൊന്നില്ല. ഒരു വടക്കൻവീരഗാഥയിലെ ചന്തു, വിധേയനിലെ ഭാസ്കര പട്ടേലർ, മൃഗയയിലെ വാറുണ്ണി, ന്യൂഡൽഹിയിലെ ജി.കെ, സംഘത്തിലെ കുട്ടപ്പായി, കാണാമറയത്തിലെ റോയിച്ചൻ, കൂടെവിടെയിലെ തോമസ് കുട്ടി, പ്രാഞ്ചിയേട്ടനിലെ അരിപ്രാഞ്ചി, തനിയാവർത്തനത്തിലെ ബാലൻമാഷ്, അമരത്തിലെ അച്ചൂട്ടി, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി, റോഷാക്കിലെ ലൂക്ക് ആന്റണി തുടങ്ങി പതിറ്റാണ്ടുകളിലൂടെ നമ്മൾ കണ്ട എത്രയെത്ര കഥാപാത്രങ്ങൾ.
മമ്മൂട്ടി ഇപ്പോഴും സ്വപ്നം കാണുകയാണ് എവിടെയോ തനിക്കായി ഒരു വേഷം കാത്തിരിപ്പുണ്ടെന്ന്, ഒരു തുടക്കക്കാരന്റെ ത്രില്ലോടെ അതിനെ സ്വീകരിക്കാൻ. ഇതുവരെ തനിക്കു ലഭിക്കാത്ത ആ വേഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്, ആ കാത്തിരിപ്പിൽ മടുപ്പില്ല, പ്രായം ഒരു ഘടകമേയല്ല... മമ്മൂട്ടിയെ ഇതുവരെയെത്തിച്ചത് ഇത്തരം സ്വപ്നങ്ങളാണ്. മമ്മൂട്ടി പലപ്പോഴും പറയാറുള്ളതുപോലെ സിനിമയ്ക്ക് നമ്മളെയല്ല ആവശ്യം, നമുക്ക് സിനിമയെയാണ് ആവശ്യം. മമ്മൂട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിനായി കാലവും പ്രായവുമെല്ലാം ഇത്രയും കാലം കൂടെനിന്നു. ഇനിയും അതു തുടരുമെന്നു പ്രതീക്ഷിക്കാം. നന്ദി കാലമേ....