ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.