National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. കോൽക്കത്ത ഉൾപ്പെടെയുള്ള ഏഴ് തെക്കൻ ബംഗാൾ ജില്ലകളിലെ 142 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭവാനിപൂരിൽ നേർക്കുനേർ പോരാടുന്നു എന്നതാണ് ഈ ഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത.
2021 ൽ നന്ദിഗ്രാമിൽ തന്നെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിക്കെതിരെ തന്റെ തട്ടകമായ ഭവാനിപൂരിലാണ് മമത ഇത്തവണ മത്സരിക്കുന്നത്. 1,448 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്. 3.22 കോടി വോട്ടർമാർക്കായി 41,001 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് നടന്ന ഒന്നാം ഘട്ടത്തിൽ 93.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത് സ്വാതന്ത്ര്യാനന്തര ബംഗാളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ടാം ഘട്ടത്തിലും 90 ശതമാനത്തിന് മുകളിൽ പോളിംഗ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ 5,000 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ള പത്ത് നിർണായക മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതിൽ ആറ് സീറ്റുകൾ തൃണമൂലിന്റെയും നാലെണ്ണം ബിജെപിയുടെയും കൈവശമാണ്. ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, നാദിയ, ബർദ്വാൻ എന്നീ ജില്ലകളിലാണ് ഈ സീറ്റുകൾ. 2021നെ അപേക്ഷിച്ച് വോട്ടർ പട്ടികയിൽ 9.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് (ഏകദേശം 34 ലക്ഷം വോട്ടർമാർ). മരണം, കുടിയേറ്റം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക പരിശോധന എന്നിവ മൂലമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പോളിംഗിൽ ബർദ്വാൻ ജില്ലയാണ് (86.2%) മുന്നിൽ നിൽക്കുന്നത്. കോൽക്കത്തയിലാണ് (60.41%) ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്താറുള്ളത്. തന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം മമത ബാനർജിക്ക് ഈ ഘട്ടം അതിനിർണായകമാണ്. നന്ദിഗ്രാമിലെ തോൽവിക്ക് പകരം വീട്ടാൻ മമതയ്ക്ക് സാധിക്കുമോ അതോ സുവേന്ദു അധികാരി വീണ്ടും അട്ടിമറി നടത്തുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പ് പ്രമാണിച്ച് കോൽക്കത്തയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.