2600 കോടിയിലേറെ കിലോമീറ്റർ അകലെ 'വോയേജർ 1' - യാത്ര തുടരുകയാണ്, മനുഷ്യന്റെ മായാത്ത മുദ്രകളുമായി! സൗരയൂഥത്തിന്റെ അതിരുകൾ കടന്നു സഞ്ചാരം തുടരുന്ന, മനുഷ്യനിർമിതകളിൽ ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള ബഹിരാകാശ പേടകം വോയേജറിനു നിരവധി പ്രത്യേകതകളുണ്ട്. ഇന്നലെയാണ്, ഒരു പ്രകാശദിനം (വൺ ലൈറ്റ് ഡേ) അകലം പിന്നിട്ടത്. ഇത്രയും ദൂരം പിന്നിടാൻ, നാസയുടെ പേടകത്തിന് 49 വർഷവും രണ്ടു മാസവും 11 ദിവസവും വേണ്ടിവന്നു.
പ്രകാശത്തിനു സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഇരുപത്തിനാല് മണിക്കൂറുകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം. മണിക്കൂറിൽ 61,000 കിലോമീറ്റർ വേഗത്തിൽ സൗരയൂഥത്തിനു പുറത്തേക്കു കുതിക്കുന്ന വോയേജർ 1 - ഇപ്പോഴും നാസയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആ പേടകത്തിൽ അന്യഗ്രഹജീവികൾക്കായി സന്ദേശങ്ങളുടെ ഡിസ്കും നാസ ഘടിപ്പിച്ചിട്ടുണ്ട്. 'ഗോൾഡൻ റിക്കാർഡ്' എന്നാണ് അതിന്റെ പേര്!
ലോകത്തിലെ വിവിധ ഭാഷകളിലുള്ള സന്ദേശം ഡിസ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാഠി, പഞ്ചാബി, രാജസ്ഥാനി, തെലുങ്ക് എന്നീ ഭാഷകളിലുള്ള സന്ദേശവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക സാന്നിധ്യവും അതിലുണ്ട്. ജയ്പുർ-അത്രൗലി ഖരാനയിലെ പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക കേസർബായി കേർക്കർ ആലപിച്ച 'ജാത് കഹാൻ ഹോ' എന്ന ഗാനം ഇതിലെ സംഗീതശേഖരത്തിലുണ്ട്.