കാഞ്ഞിരപ്പള്ളി: താലൂക്ക് വികസനസമിതി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പി.എസ്. സുനില്‍കുമാര്‍, കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍ എഫ്. യാസിര്‍ ഖാന്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മുന്‍ യോഗത്തില്‍ ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍നിന്നു ബസുകള്‍ പുറത്തേക്ക് വരുന്ന വഴിയില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ഈ വഴിയില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കടകളിലേക്കുള്ള വില്‍പ്പനവസ്തുക്കള്‍ രാവിലെ ഏഴിനു മുമ്പും രാത്രി എട്ടിനു ശേഷവും മാത്രമേ കയറ്റിറക്ക് ചെയ്യാന്‍ പാടുള്ളൂവെന്നും വഴിയരികിലെ കച്ചവടക്കാര്‍ക്ക് അറിയിപ്പ് നല്‍കിയെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പൊന്‍കുന്നം-മണിമല റോഡില്‍ കോസ്മോ വളവില്‍ ബസ് സ്റ്റോപ്പ് അനുവദിക്കുന്നതിന് തടസങ്ങളില്ലെന്ന് വിലയിരുത്തിയതായും തുടര്‍ നടപടികള്‍ക്കായി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലേക്ക് അപേക്ഷ കൈമാറിയതായും ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാറത്തോട് പഞ്ചായത്തിലെ വലിയകയത്തിന് സമീപത്തെ ചെക്ക്ഡാമിലെ എക്കലും മണലും നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജലസേചന വിഭാഗം എന്‍ജിനിയര്‍ അറിയിച്ചു.
മണ്ണാറക്കയം-അഞ്ചിലിപ്പ-ഞള്ളമറ്റംവയല് റോഡില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി അനുമതികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതായി അസിസ്റ്റന്റ് എന്‍ജിനിയര്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു. ലഭിച്ച പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു.
അടുത്ത താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ അഞ്ചിന് ചേരും.