ഇരിങ്ങാലക്കുട: കാട്ടൂരിലെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയത്തില്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ രണ്ടു കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവക്കണമെന്ന് മകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപ്പെടുന്നില്ലെന്നും രൂക്ഷവിമര്‍ശനമുണ്ടായി. മണ്ണിന്റെ ഫോറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ കിണറുകളില്‍ മാലിന്യം കലരുന്നതിന്റെ ഉറവിടം കണ്ടെത്താനാകൂകയുള്ളുവെന്നും അതിനാല്‍ ഫോറന്‍സിക് പഠനം നടത്തുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്തായി പഞ്ചായത്തിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ക്ലര്‍ക്ക് ഇന്ദു പറഞ്ഞു.
എവിടെന്നാണ് മാലിന്യം എന്ന് കണ്ടെത്തുന്നതുവരെ പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ നിന്നുള്ള 300 ഓളം കുടുംബങ്ങള്‍ ഈ ദുരിതം സഹിക്കണോ എന്നു കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി ചോദിച്ചു.
മന്ത്രിയുടെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ആരോപണ വിധേയമായ രണ്ടു കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ സെപ്റ്റംബര്‍ 23ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കമ്പനികളുടെ പ്രവര്‍ത്തനം ഇതുവരെയും നിര്‍ത്തിവച്ചിട്ടില്ല. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഇത്തരം കമ്പനികള്‍ക്ക് സ്റ്റോപ്പ് മെമോ നല്കാന് സാധിക്കില്ലെന്നത് താലൂക്ക് വ്യവസായ ഓഫീസര്‍ സുനിത യോഗത്തില്‍ അറിയിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു ഈ വിഷയത്തില്‍ ഗൗരവമായി ഇടപ്പെടണമെന്ന് എംപിയുടെ പ്രതിനിധി കൃപേഷ ്ചെമ്മണ്ട പറഞ്ഞു.
പഞ്ചായത്ത് വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കറുകൾ ഒരുക്കിയാല്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ ജനങ്ങള്‍ക്ക് വിതരണത്തിനുള്ള കുടിവെള്ളം നല്കാന് തയ്യാറാണെന്ന് വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജെ. സുനില്‍ അറിയിച്ചു. ശുദ്ധജലം ലഭിക്കുക മാത്രമല്ല, പ്രശ്നമെന്നും കിണറുകളില്‍ രാസമാലിന്യം കലരുന്നത് തടയുകയാണ് ആവശ്യമെന്നും മണ്ണും ജലവും മലിനമാകാതെ സംരക്ഷിക്കപ്പെടുകയാണ് വേണ്ടതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വിദഗ്ധസംഘം
പരിശോധിച്ചു
കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ വിദഗ്ദധസംഘം പരിശോധന നടത്തി. മഹാത്മഗാന്ധി സര്‍വകലാശാലയിലെ മൂന്നുപേരടങ്ങുന്ന സംഘമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. കിണര്‍ റീചാര്‍ജിംഗ് ചെയ്യുന്ന സംവിധാനം പ്രാവര്ത്തികമാണോ എന്നു പരിശോധിക്കുവാനാണ് എത്തിയത്. ഇന്റസ്ട്രീയല്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തെക്കേക്കര വില്‍സന്റെ വീട്ടിലെ കിണര്‍ ഇവര്‍ പരിശോധിച്ചു. കിണറുകള്‍ റീചാര്‍ജിംഗ് ചെയ്താല്‍ മാലിന്യം നീക്കം ചെയ്യുവാനാകുമോ എന്നാണ് ഇവര്‍ വിദഗ്ധമായി പരിശോധിക്കുന്നത്.