അശോക്
നെടുങ്കണ്ടം: മഞ്ഞപ്പെട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും ഏലക്കയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന കൂട്ടുപ്രതിയെ തമിഴ്നാട്ടിൽനിന്നു നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പുതുപ്പട്ടി ഇന്ദിരാനഗർ കോളനിയിൽ അശോക് (21) ആണ് ദിണ്ഡിഗലിൽനിന്നു പിടിയിലായത്.
മോഷണത്തിനുശേഷം ഗോവയിലേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ തിരിച്ചെത്തിയന്നു പൊലിസിനു വിവരം ലഭിച്ചിരുന്നു. കേസിലെ പ്രധാന പ്രതി പാറത്തോട് കറുപ്പകയില്ലം തുകേതിനെ (37) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 31നാണ് മഞ്ഞപ്പെട്ടി കാളിവിലാസം രാജയ്യയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാർ ജോലിക്കുപോയ സമയത്ത് മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ഉണക്കി സൂക്ഷിച്ചിരുന്ന ഏലക്കയുമാണ് മോഷ്ടിച്ചത്.