ജേതാക്കളായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനു മന്ത്രി ഒ.ജ. ജെനീഷ് ട്രോഫി സമ്മാനിക്കുന്നു. ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ സമീപം.
തൊടുപുഴ: ആവേശകരമായ എംപി കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ ചാമ്പ്യന്മാരായി. മൈ ഭാരത് ഇടുക്കിയുടെയും തൊടുപുഴ സോക്കര്‍ സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് എംപി കപ്പ് സ്കൂള്‍ ലെവല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് മാര്‍ ബേസില്‍ ചാമ്പ്യന്മാരായത്.
ഫൈനലില്‍ മൂവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയാണ് മാര്‍ ബേസില്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും സമനില പാലിച്ചതിനെത്തുടര്‍ന്നു നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മാര്‍ ബേസില്‍ വിജയം സ്വന്തമാക്കിയത്. സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും മന്ത്രി ഒ.ജെ. ജെനീഷ് നിര്‍വഹിച്ചു.
തൊടുപുഴക്കാരുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം എന്ന സ്വപ്നത്തിനു സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് സന്ദേശം നല്കി.
മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ. ദീപക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടമാക്കല്‍, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ. അബ്ബാസ്, ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി ജിമ്മി കുന്നത്തുശേരി, യൂത്ത് വിംഗ് പ്രസിഡന്റ് ജോര്‍ജുകുട്ടി ജോസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ആതിര ജോഷി, ഡിഎഫ്എ സെക്രട്ടറി എം.എച്ച്. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Mar Basel Champions Nattuvishesham DistrictNews DeepikaNews