കേരളോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ഉന്തും തള്ളും.
കട്ടപ്പന: ഇരട്ടയാർ കേരളോത്സവത്തിന്റെ സമാപന വേദിയിൽ ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്പെൻസറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. പ്രതിഷേധം പൊലിസ് തടഞ്ഞതോടെ സ്ഥലത്ത് നേരിയ ഉന്തും തളളുമുണ്ടായി. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിൽ നടന്ന സമ്മേളന നഗരിക്കു സമീപം പ്രതിഷേധമുണ്ടായത്. പന്തംകൊളുത്തി പ്രകടനമായി എത്തിയ സമരക്കാരെ പൊലിസ് തടയുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർക്കു നേരേ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതു സ്ഥിതി വീണ്ടും വഷളാക്കി. പൊലിസ് ഇടപെട്ടതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന ശേഷം ടൗണിലെത്തി യോഗവും നടത്തിയശേഷമാണ് പിരിഞ്ഞത്.