പ്രതീകാത്മക ചിത്രം
പാലാ: ഒന്നര മാസത്തോളമായി മുടങ്ങിക്കിടന്നിരുന്ന ജനറല്‍ ആശുപത്രി-പുത്തന്‍പള്ളിക്കുന്ന് റോഡ് നിര്‍മാണം പുനരാരംഭിച്ചു. എന്നാല്‍, ആശുപത്രി റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അടുത്തയാഴ്ച ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയാകും.
ആശുപത്രി റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍ദേശം നല്‍കിയിട്ട് ഒരു മാസമായെങ്കിലും നഗരസഭാധികൃതര്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. കൈയേറ്റക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. ഇവിടത്തെ കെട്ടിടങ്ങള്‍ക്ക് നഗരസഭയാണ് നമ്പര്‍ നല്‍കിയത്.
ആശുപത്രി സ്ഥലത്ത് കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്കിയിട്ടുണ്ടെങ്കില് ഉടന്‍ റോഡില്‍നിന്ന് മാറ്റുകയും മൂന്നു മാസത്തിനകം അവര്‍ക്ക് പകരം സംവിധാനം ഒരുക്കുകയും ചെയ്യണമെന്നായിരുന്നു കളക്ടറുടെ നിര്‍ദേശം. തുടര്‍ന്ന് വഴിയോര കച്ചവടക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത നഗരസഭാധികൃതര്‍ ഇവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ആശുപത്രിയുടെ 2.72 സെന്റ് സ്ഥലവും പഴയ മോര്‍ച്ചറിയുടെ ഭാഗവും ഉള്‍പ്പെടെ 150 മീറ്റര്‍ നീളത്തില്‍ രണ്ടു കോടിയിലേറെ രൂപ മുടക്കിയാണ് റോഡ് വികസിപ്പിക്കുന്നത്. രോഗികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രി റോഡില്‍ മഴ പെയ്താല്‍ ചെളിയും വെയില് തെളിഞ്ഞാല്‍ പൊടിയും എന്നതാണ് സ്ഥിതി.
അത്യാഹിത വിഭാഗത്തിലേക്കു വാഹനങ്ങള്‍ കയറുന്നതിനു സമീപം വളവില്‍ റോഡിലേക്കിറങ്ങി നില്ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടികളായിട്ടില്ല.
Tags : Road construction has resumed. Nattuvishesham DistrictNews