കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്യാന്‍ ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇതു തടയാനുള്ള സാങ്കേതികവിദ്യ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികളില്‍നിന്നു പണം തട്ടിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ബി.എം. ജമാലിന് കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ ഡിസിസി ഓഫീസില്‍ നടന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനത്തില്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞപ്പോള്‍, ഒപ്പമുണ്ടായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന് എംപി അപ്പോള്‍ത്തന്നെ പരാതി തയാറാക്കി ആഭ്യന്തരമന്ത്രിക്ക് നല്‍കുകയായിരുന്നു. പരാതി ആഭ്യന്തരമന്ത്രി ഉടന്‍തന്നെ ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജിന് കൈമാറി. ജൂലൈ 23നു ചേര്‍ന്ന യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി ഫലം മാറ്റുന്നതിനായി ജര്‍മന്‍, ഇറ്റാലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ജമാല്‍ അവകാശപ്പെട്ടു എന്ന ആരോപണമാണ് വിവാദത്തിന് ആധാരം. ഇതിനായി 40 ലക്ഷം രൂപ ചെലവുണ്ടെന്നും അതില്‍ 15 ലക്ഷം രൂപ മുന്‍കൂറായി ആവശ്യപ്പെട്ടതുമായാണ് ആരോപണം.
രണ്ടു യുഡിഎഫ് എംഎല്‍എമാര്‍ 15 ലക്ഷം രൂപ നല്‍കിയതായും ആരോപണമുണ്ട്. തനിക്ക് അനുകൂലമായി വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്യാന്‍ ജമാലിന് കഴിയുമെന്ന് അവകാശപ്പെട്ട് ഒരു പൊതുസുഹൃത്ത് തന്നെ സമീപിച്ചിരുന്നെന്ന് ആരോപിച്ച് കാസര്‍ഗോഡ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ രംഗത്തെത്തിയിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം മാര്‍ച്ച് അവസാനത്തോടെയായിരുന്നു സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഷാനവാസ് പരാതി നല്‍കിയിട്ടില്ല.
തന്നെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയഭാവി തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് ജമാല്‍ പറഞ്ഞു. ജില്ലയിലെ അഞ്ചു യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശപത്രിക സമര്‍പ്പണത്തില്‍ സഹായിച്ചിരുന്നെങ്കിലും ഉദുമ നിയോജമണ്ഡലം ചീഫ് ഇലക്ഷന് ഏജന്റ് എന്ന നിലയില്‍ സ്ഥാനാര്‍ഥി കെ. നീലകണ്ഠനുമായി മാത്രമാണ് താന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നത്. ആരാണ് പണം നല്കിയതെന്നോ ആര്‍ക്കാണ് പണം നഷ്ടപ്പെട്ടതെന്നോ ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നില്ല. യഥാർഥത്തില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ജമാല്‍ പറഞ്ഞു.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ ജമാല്‍ 2001ല്‍ കേരള വഖഫ് ബോര്‍ഡ് സിഇഒ ആയി നിയമിതനായി. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2018ല്‍ വീണ്ടും കേരള വഖഫ് ബോര്‍ഡ് സിഇഒ ആയി തിരിച്ചെത്തിയ അദ്ദേഹം 2022ല്‍ വിരമിക്കുന്നതു വരെ ആ പദവിയില്‍ തുടര്‍ന്നു. വിരമിച്ചതിനുശേഷമാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്.