കൊല്ലം: മണ്ഡലകാലത്തിനു മുന്നോടിയായി കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികളുടെ തുടർച്ചയായ ഒന്നാംഘട്ട ടാറിംഗ് (ബിഎം) തുടങ്ങി. ടാറിംഗിന്റെ ഭാഗമായി ഭാഗീകമായ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
പുനലൂരിലെ വാളക്കോട് റെയിൽവേ മേൽപ്പാലത്തിൽ ടാറിംഗ് നടക്കുന്ന ദിവസങ്ങളിൽ പാതയിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽമുതൽ പുനലൂർ ടിബി ജംഗ്ഷൻവരെ നടന്ന കുഴിയടയ്ക്കലിനു തുടർച്ചയായാണ് ഈ ഭാഗങ്ങളിൽ ടാറിംഗ് നടക്കുന്നത്.
കോട്ടവാസലിൽനിന്ന് പുനലൂർ ദിശയിലേയ്ക്കാണ് പ്രവൃത്തി. കാലാവസ്ഥയും ഗതാഗതനിയന്ത്രണവും അനുകൂലമായാൽ രണ്ടുദിവസംകൊണ്ട് പൂർത്തിയായേക്കും. ടാറിംഗ് നടക്കുന്ന ഭാഗങ്ങളിൽ ഒരുവരിയിൽ ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടാറിംഗ് നടക്കുന്ന വാളക്കോട് പാലത്തിന് വീതി കുറവായതിനാൽ പാത അടച്ചതിനാൽ വാഹനങ്ങൾ ഇടമൺ സത്രംമുക്ക്, പാപ്പന്നൂർ, പുനലൂർ ടി.ബി. ജംഗ്ഷൻ റോഡ് വഴി തിരിഞ്ഞു പോകണം. പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽവരെ അറ്റകുറ്റപ്പണിക്കായി 5.27 കോടി രൂപ ഏതാനും മാസംമുൻപ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.
ഇതുപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. എന്നാൽ മാസങ്ങൾക്കുമുൻപ് സമർപ്പിച്ച അടങ്കലിന് അനുമതി ലഭിച്ചത് ഏറെ വൈകിയായതിനാൽ റോഡ് കൂടുതൽ തകർന്നതുമൂലം ഈ തുകയ്ക്ക് പൂർണമായ അറ്റകുറ്റപ്പണി സാധ്യമാവാത്ത സ്ഥിതിയുണ്ട്.
കുഴിയടപ്പിനും ടാറിംഗിനും പുറമേ ഗതാഗതത്തടസ്സമുണ്ടാക്കുന്ന മരക്കൊമ്പുകൾ വെട്ടിനീക്കൽ, വശങ്ങളിലെ കാടുതെളിക്കൽ, മുന്നറിയിപ്പ് ബോർഡുകളും ക്രാഷ് ബാരിയറും സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈമാസം 17ന് മണ്ഡലകാലം ആരംഭിച്ചാൽ രണ്ടുമാസക്കാലം അനിയന്ത്രിതമായ ഗതാഗതത്തിരക്കായിരിക്കും പാതയിൽ. ഈ സാഹചര്യം കണക്കിലെടുത്താണ് അറ്റകുറ്റപ്പണി നടക്കുന്നത്. നിലവിൽ ടാറിംഗ് നടക്കുന്ന ഭാഗങ്ങളിൽ രണ്ടാംഘട്ട ടാറിംഗ് (ബിസി) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവാറും മണ്ഡലകാലത്തിനു ശേഷമേ ഇതുണ്ടാവൂ.
ടാറിംഗിനു മുന്നോടിയായി കഴിഞ്ഞയാഴ്ച ചല്ലിനിരത്തിയ വാളക്കോട് മേൽപ്പാലത്തിലും പരിസരങ്ങളിലും പൊടിശല്യത്തിൽ വലഞ്ഞ് സമീപവാസികളും യാത്രക്കാരും. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി സ്ഥലവാസികളുടെ കാഴ്ച മറച്ച് ശ്വാസംമുട്ടിക്കുകയാണ്. ഇതുമൂലം ഇവിടെ കടകളും വീടുകളും തുറക്കാനാവാത്ത സ്ഥിതിയുണ്ട്. ബസുകളും ചരക്കുലോറികളുമുൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് സ്ഥിതി ഗുരുതരമാകുന്നത്. കുറെനേരത്തേയ്ക്ക് റോഡുപോലും കാണാനാവില്ല. ടാറിംഗ് പൂർത്തിയാവുന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.