ചേർത്തല: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്നലെ തീർഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരക്കണക്കിന് വിശ്വാസികൾ എത്തി. ശനിയാഴ്ച രാത്രി മുതൽ വിദൂരദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ പുലർച്ചെ നടന്ന വിശുദ്ധ കുർബാനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു.
വിശുദ്ധ കുർബാനയ്ക്കും പ്രദക്ഷിണത്തിനും ബിഷപ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഫാ.ഡൊമിനിക്ക് ആലുവാപ്പറമ്പിൽ, ഫാ.മാർട്ടിൻ കബ്രാൾ സഹവികാരിമാരായ ഫാ.സിബി കിടങ്ങേത്ത്, ഫാ.റിൻസൺ കാളിയത്ത്, ഫാ. നിഖിൽ ജൂഡ് കിത്തോതറ എന്നിവർ സഹകാർമികരായി.
പെസഹാ വ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും നടക്കുന്നതിരുക്കർമങ്ങൾക്ക് കൊച്ചി രൂപത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ എന്നിവർ നേതൃത്വം നൽകും.