പ്രസിദ്ധ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വലിയ നോമ്പാചരണത്തിനു തുടക്കം കുറിച്ച് വികാരി ഫാ. സേവ്യർ ചിറമേൽ വിശ്വാസികളുടെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു.
ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിഭൂതി തിരുനാളോടെ വലിയനോമ്പിന് തുടക്കമായി. ഇന്നലെ പുലര്ച്ചെ മുതൽ വിവിധ സമയങ്ങളിൽ നടന്ന ദിവ്യബലി മധ്യേ വിശ്വാസികളുടെ നെറ്റിയിൽ വൈദികർ കരികൊണ്ട് കുരിശടയാളം ചാർത്തിയാണ് നോമ്പാചരണത്തിന് തുടക്കമായത്. വികാരി ഫാ. പ്രസാദ് ജോസഫ് കണ്ടത്തിൽപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. റിൻസൺ കാളിയത്ത്, ഫാ. ലോബോ ലോറൻസ് ചക്രശേരിൽ, ഫാ. സിബി കിടങ്ങേത്ത്, ഫാ. പ്രവീൺ എന്നിവർ സഹകാർമികരായി. വലിയനോമ്പ് തീർഥാടനം ഈസ്റ്റർ ദിനം വരെ നീണ്ടുനിൽക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് വിശ്വാസികൾ തങ്കിപ്പളളിയിലെത്തും.
വിവിധഭാഷകളിൽ തിരുക്കർമങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിടിയരി സമർപ്പണം, എന്നിവയും ഒരുക്കിയിട്ടുണ്ട്. അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങളും നടത്തും.
ഉപവാസ ദിനമായ ഇന്നലെ അതിൽനിന്നു മിച്ചം വച്ച വിഭവങ്ങൾ പൊതിച്ചോറുകളായി സമാഹരിച്ച് വിവിധ ആശുപത്രികളിലും അനാഥാലയങ്ങളിലും ഇന്ന് വിതരണം ചെയ്യും. തിരുസ്വരൂപത്തിലെ മുടി വളരുന്നതുമായി ബന്ധപ്പട്ട് കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായി മുടി മുറിച്ച് നൽകുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെആറിന് കുരിശിന്റെ വഴി, 6.30ന് ദിവ്യബലി. വൈകുന്നേരം ആറിന് ഗ്രോട്ടോകളിൽ കുരിശിന്റെ വഴി, ഏഴിന് ദിവ്യബലി, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.
പൂങ്കാവ് പള്ളിയിൽ
ആലപ്പുഴ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ കരിക്കുറി തിരുനാളോടെ വലിയ നോമ്പാചരണത്തിനു തുടക്കമായി. രാവിലെ ആറിന് നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. സേവ്യർ ചിറമേൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഫ്രാൻസിസ് ഡിറ്റോ, ഫാ. സേവ്യർ ജിബിൻ, ഫാ. ബിബിൻ, ഫാ. ജോസ് സാഗർ എന്നിവർ സഹകർമികത്വം വഹിച്ചു. തുടർന്ന് ഏഴിന് നടന്ന ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് ഡിറ്റോ നേതൃത്വം നൽകി.
വൈകിട്ട് 6.30ന് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിവ്യബലിയും പള്ളി മൈദാനിയിൽ കുരിശിന്റെ വഴിയും നടത്തപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയിലും രാവിലെ 11ന് ദിവ്യബലിയും കല്ലറ ജപവും നേർച്ചക്കഞ്ഞി വിതരണവും വൈകിട്ട് 5ന് ദിവ്യബലിയും ഉണ്ണിശോയുടെ നൊവേനയും കുരിശിന്റെ വഴിയും ഉണ്ടാകും. വലിയനോമ്പ് ദിനങ്ങളിൽ കർത്താവിന്റെ അദ്ഭുതപിഡാനുഭവ തിരുസ്വരൂപം വണങ്ങുന്നതിനും നേർച്ച കാഴ്ച്ചകൾ അർപ്പിക്കുന്നതിനും പ്രത്യേകം സൗകര്യം ഉടമ്പടി കപ്പേളയിൽ ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. സേവ്യർ ചിറമേൽ പറഞ്ഞു.
മുട്ടം ഫൊറോനാ പള്ളി
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വലിയ നോമ്പ് ആചരണത്തിന് തുടക്കമായി. വിഭൂതി ആചരണത്തിന്റെ ഭാഗമായി ദിവ്യബലി മധ്യേ വൈദികർ വിശ്വാസികളുടെ നെറ്റിയിൽ കരി ഉപയോഗിച്ച് കുരിശടയാളം ചാർത്തി. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ കാർമികത്വം വഹിച്ചു.
സഹവികാരിമാരായ ഫാ. ജോസ് പാലത്തിങ്കൽ, ഫാ. വിനു മുളവരിക്കൽ, ഫാ. ഡെന്നിസ് പുതുവ, ഫാ. നോബി എന്നിവർ സഹകാർമികരായി. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറിനും ഏഴിനും വൈകുന്നേരം അഞ്ചിനും ദിവ്യബലിയും കുരിശിന്റെ വഴിയും.
Tags : Thankipally nattuvishesham local news