തൃശൂർ: ഹൈക്കോടതിവിധിയോടെ തേക്കിൻകാട് മൈതാനത്ത് പൊതുപരിപാടികൾ ഒഴിവാക്കേണ്ടിവരുമെന്നത് അറിയിക്കാൻ കൊച്ചിൻ ദേവസ്വംബോർഡ് വിളിച്ച സർവകക്ഷിയോഗത്തിൽ രാഷ്ട്രീയസംഘടനകളും ഹിന്ദുസംഘടനകളും തമ്മിൽ വിയോജിപ്പ്. കോണ്ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ്, കേരള കോണ്ഗ്രസുകൾ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളെല്ലാം മൈതാനം പൊതുഇടമാക്കി നിലനിർത്തണണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ക്ഷേത്രാചാരത്തിനു വിഘാതമുണ്ടാക്കരുതെന്നും എന്നാൽ പൊതുഇടം നഷ്ടമാകുന്നതിനു പരിഹാരം വേണമെന്നുമുള്ള നിലപാടിലായിരുന്നു ബിജെപി. വിധിക്കെതിരേ അപ്പീൽ പോകണമെന്ന അഭിപ്രായം രാഷ്ട്രീയകക്ഷികൾ പങ്കുവച്ചു. ക്ഷേത്ര സംരക്ഷണസമിതി, പൂരപ്രേമിസംഘം, ഹിന്ദു ഐക്യവേദി, വിഎച്ച്പി, ആർഎസ്എസ് തുടങ്ങിയ സംഘടനകളെല്ലാം ഹൈക്കോടതി വിധിയെ സ്വാഗതംചെയ്ത് ക്ഷേത്രാചാരങ്ങൾക്കു പ്രാധാന്യം നൽകി മുന്നോട്ടുപോകണമെന്ന നിലപാടിലായിരുന്നു. ദേവസ്വംബോർഡിന്റെ ചുമതല വിശ്വാസികൾക്കൊപ്പം നിൽക്കലാണെന്നും അവർ പറഞ്ഞു.
അപ്പീൽ കൊടുക്കാൻ തീരുമാനമെടുക്കാനല്ല, കോടതിവിധി അറിയിക്കുന്നതിനായാണു യോഗം വിളിച്ചതെന്ന് ആമുഖപ്രഭാഷണം നടത്തിയ കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ വിശദീകരിച്ചു.
മുൻ എംഎൽഎ പി. ബാലചന്ദ്രൻ, പി.കെ. ഷാജൻ (സിപിഎം), ഇ.എൻ. സതീശൻ (സിപിഐ), സി.ആർ. വത്സൻ (കോണ്ഗ്രസ് എസ്), കെ.ബി. ജയറാം (കോണ്ഗ്രസ്), ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് (കേരള കോണ്ഗ്രസ് എം), പി.എം. ഏലിയാസ് (കേരള കോണ്ഗ്രസ് ജേക്കബ്), മോഹനകൃഷ്ണൻ (ക്ഷേത്ര സംരക്ഷണസമിതി), ബൈജു താഴേക്കാട്ട് (പൂരപ്രേമിസംഘം), അസീസ് താണിപ്പാടം (മുസ്ലിം ലീഗ്), തോമസ് ജേക്കബ് (കേരള കോണ്ഗ്രസ്), വി. മുരളീധരൻ (ഹിന്ദു ഐക്യവേദി), വി.കെ. വെങ്കിടാചലം, വിജയൻ മേപ്പറന്പത്ത് (ബിജെപി), മോഹനൻ മേനോൻ (വിഎച്ച്പി), ലോനപ്പൻ (ഫോർവേഡ് ബ്ലോക്ക്), പി.എസ്. രഘുനാഥ് (ആർഎസ്എസ്) തുടങ്ങിയവർ പ്രസംഗിച്ചു.