തൃശർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻ കുട്ടിക്ക് ദേവസ്വം ബെഞ്ചാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴയിട്ടത്.
ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ് നിർദേശങ്ങൾ ലംഘിച്ചോ എന്നതുപോലും നോക്കാതെ ഹർജി നൽകിയതിനാണ് കോടതി പിഴ ചുമത്തിയത്.
കലോത്സവത്തിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ഹർജിയിൽ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തേക്കിൻകാട് മൈതാനിയിൽ പാചകം പാടില്ല എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.
Tags : high court fines petitioner thekkinkadu maidan kalolsavam venue