തിരുവനന്തപുരം: ആദ്യ അടിയന്തര പ്രമേയ നോട്ടീസ് നടപടികളിൽത്തന്നെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ചട്ടങ്ങളിൽ പിഴവുണ്ടായി.
ഇന്ധന വിലവർധനവിലൂടെയുള്ള അധിക നികുതി വേണ്ടെന്നുവയ്ക്കണമെന്നാവശ്യപ്പെട്ട കെ.എൻ. ബാലഗോപാലിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ, മുഖ്യമന്ത്രിയുടെ മറുപടിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും സിപിഐയിലെ കെ.രാജന്റെയും വാക്കൗട്ട് പ്രസംഗത്തിനും ശേഷം, ബിജെപിയുടെ ബി.ബി. ഗോപകുമാറിന് സംസാരിക്കാൻ അനുമതി നൽകിയിടത്താണു തിരുവഞ്ചൂരിനു പിഴച്ചത്.
അടിയന്തര പ്രമേയ നോട്ടീസിൽ ഒപ്പിട്ട പ്രതിപക്ഷത്തെ ആർജെഡി അംഗം പി.കെ. പ്രവീണ് എഴുന്നേറ്റിട്ടും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ ബിജെപി അംഗത്തിന് അവസരം നൽകുകയായിരുന്നു.
ബി.ബി. ഗോപകുമാർ പ്രസംഗിക്കവേ, പ്രതിപക്ഷ അംഗങ്ങൾ ഇതിൽ പ്രതിഷേധിക്കുകയും ചെയ്തു. അടിയന്തര പ്രമേയ നോട്ടീസിൽ ഒപ്പിടാത്തവർക്ക് വാക്കൗട്ട് പ്രസംഗത്തിന് അനുമതി നൽകാറില്ല.
പ്രമേയത്തിൽ ഒപ്പിടാത്തതിനാൽ ഗോപകുമാറിന് പ്രസംഗിക്കാൻ അവസരമില്ലെങ്കിലും പറയാനുള്ളത് ചുരുക്കിപ്പറയാമെന്ന് സ്പീക്കർ നിർദേശിച്ചു. ഗോപകുമാർ പ്രസംഗം തുടങ്ങിയ സ്ഥിതിക്ക് നിർത്തിക്കുന്നില്ലെന്നും കീഴ്വഴക്കമായി ഇതു മാറില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ വാക്കൗട്ട് നടത്തിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി തിരിച്ചെത്തി. ‘ഡീലാണേ.. ഡീലാണേ..’ എന്ന് മുദ്രാവാക്യം മുഴക്കി.
പ്രകടമായത് സ്പീക്കറുടെ ഉദാരമനസ്കതയാണെങ്കിലും നിയമസഭാ ചട്ടത്തിൽനിന്നും പ്രവർത്തന പാരമ്പര്യത്തിൽനിന്നുമുള്ള വ്യതിയാനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വാക്കൗട്ട് പ്രസംഗത്തിനു ശേഷം ബിജെപി അംഗത്തിന് സമയം നൽകാമെന്നും പിണറായി പറഞ്ഞു.
താൻ ഒരു നിമിഷം ചട്ടത്തിൽനിന്ന് വ്യതിചലിച്ചു പോയെന്നും പുതിയ അംഗത്തിന്റെ കന്നിപ്രസംഗം തുടങ്ങിയപ്പോഴേ നിർത്തിക്കാൻ തന്റെ പാരമ്പര്യംതന്നെ അനുവദിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. അതോടെ സഭയിലെ ബഹളം മയപ്പെട്ടു. പിന്നാലെ പ്രവീണിന് പ്രസംഗിക്കാൻ മൈക്ക് അനുവദിച്ചു.