മ്യൂണിക്ക്: ജർമനിയിലെ പള്ളിയിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ അജ്ഞാതർ പടക്കങ്ങളും തീപ്പന്തങ്ങളും എറിഞ്ഞു. മ്യൂണിക്-ഫ്രെയ്സിംഗ് അതിരൂപതയ്ക്കു കീഴിലുള്ള ഹാറിനടുത്ത സീർസിയിലെ സെന്റ് ബോനിഫസ് പള്ളിയിൽ ഒന്നാം ക്ലാസുകാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുർബാനയും അനുഗ്രഹ പ്രാർഥനയും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആക്രമണസമയത്ത് പള്ളിക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ പള്ളിക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.
പള്ളിക്കു സമീപമുള്ള സീർസി തടാകത്തിനടുത്തുള്ള വിവിധ കെട്ടിടങ്ങൾക്കു നേരേയും സമാനമായ രീതിയിൽ പടക്കങ്ങൾ എറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രിതമായ തീവയ്പു ശ്രമമായി കണക്കാക്കി പ്രദേശത്തെ അഞ്ചു കേന്ദ്രങ്ങളിൽ നടന്ന സംഭവങ്ങളെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.കുറ്റവാളികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.