ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്തിമ തീരുമാനമെടുക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മമത ബാനർജിയും ഋതബ്രത ബാനർജിയും തമ്മിലുള്ള തർക്കത്തിൽ അടിയന്തരമായി തീരുമാനമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇരുവിഭാഗങ്ങളും തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു തർക്കത്തിൽ സമയബന്ധിതമായി നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ 17ന് തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു മമത ബാനർജി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉത്തരവിറക്കിയത് നിയമനടപടികൾ സ്വീകരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ലക്ഷ്യമിട്ടാണെന്ന് മമത ബാനർജിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞ സ്ഥിതിക്ക് കമ്മിഷന്റെ നിലവിലെ ഇടക്കാല ക്രമീകരണത്തിൽ ഇടപെടാനാകില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.