National
ന്യൂഡൽഹി: ദേശീയപാതകളിൽ ടോളുകൾ ഒഴിവാക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇനിമുതൽ തടസം നേരിടും.
ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് തടയാൻ കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാറ്റത്തിനു കാരണം.
നിശ്ചയിച്ചിട്ടുള്ള തുകയടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹങ്ങൾക്ക് ആ തുക അടച്ച് ബാധ്യത ഒഴിവാക്കുന്നതുവരെ ഇനിമുതൽ എൻഒസി ലഭിക്കില്ല.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്.
ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു. കേസ് കോടതിയിൽ നനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തുമെന്നും അഷ്റഫ് പറഞ്ഞു.
ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.
ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കളക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു. ടോൾ പ്ലാസയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
National
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ടോൾ സംവിധാനം രാജ്യത്ത് 2026 അവസാനത്തോടെ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഇതോടെ ടോള്‍ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറയുമെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്കവേയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാന്‍ ഇതു സഹായിക്കുകയും സര്‍ക്കാര്‍ വരുമാനത്തില്‍ 6,000 കോടി രൂപയുടെ വര്‍ധന ഉണ്ടാവുകയും ചെയ്യും.
National
മുംബൈ: പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണമായും ടോൾ ഒഴിവാക്കാനുള്ള നടപിടിയുമായി മഹാരാഷ്ട്ര സർക്കാർ. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാണ് സ്പീക്കർ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇലക്ട്രിക് വാഹന ഉടമകളുടെ പരാതികൾ വർധിച്ചതിനെതുടർന്നാണ് നടപടി.
ഇവി ഉപയോക്താക്കളിൽനിന്ന് തെറ്റായി പിരിച്ച ടോൾ തുക തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ടോൾ പിരിവിനെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച സ്പീക്കർ, നിർവ്വഹണത്തിലെ വീഴ്ചകൾ ഉടൻ തിരുത്തണമെന്ന് ഊന്നിപ്പറഞ്ഞു.
ഫാസ് ടാഗ് സംവിധാനങ്ങളും വാഹൻ വാഹന ഡാറ്റാബേസും തമ്മിലുള്ള ബാക്കെൻഡ് സംയോജനത്തിലെ പ്രശ്നങ്ങൾ കാരണം ടോൾ പ്ലാസകളിൽ ഇവികളെ തെറ്റായി തരംതിരിച്ചതാണ് ടോൾ ഈടാക്കാൻ കാരണമായത്.
അടുത്ത എട്ട് ദിവസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കാൻ പാടില്ല. ഇതിനകം പിരിച്ച ടോൾ തുക തിരികെ നൽകാൻ ശരിയായ സംവിധാനം സൃഷ്ടിക്കണമെന്നും നർവേക്കർ പറഞ്ഞു. ടോൾ ഓപ്പറേറ്റർമാർ അവരുടെ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും രജിസ്റ്റർ ചെയ്ത എല്ലാ ഇവികളും ശരിയായ രീതിയിൽ തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്പീക്കറുടെ നിർദേശത്തിൽ പറയുന്നു.
National
ന്യൂഡൽഹി: ദേശീയ ഹൈവേകളിലൂടെ തടസമില്ലാത്ത യാത്ര സാധ്യമാക്കുന്ന പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഒരു വർഷത്തിനകം രാജ്യത്തു സാധ്യമാക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള ടോൾ സംവിധാനം ഒരു വർഷത്തിനകം പൂർണമായി നിർത്തലാക്കിയാണ് പുതിയ സംവിധാനം വരികയെന്നു ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. പത്തിടങ്ങളിൽ ഇതിനോടകം പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും ടോൾ പിരിവിന്റെ പേരിൽ ആരും നിങ്ങളെ ഇനി തടയില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയനുസരിച്ചു ദേശീയ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ദേശീയ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാമിലൂടെയാണ് യാത്രക്കാർക്ക് ഇലക്ട്രോണിക് പേയ്മെന്റ് നടത്താൻ കഴിയുന്നത്.
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസ് ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) അധിഷ്ഠിതമായ ഉപകരണത്തിലൂടെയാണ് ടോൾ പിരിവ് സാധ്യമാകുന്നത്. ടോൾ പ്ലാസയിൽ വാഹനം നിർത്താതെതന്നെ ഉപയോക്താവിന്റെ ബന്ധപ്പെട്ട അക്കൗണ്ടിൽനിന്നു ടോൾ പേയ്മെന്റുകൾ സ്വയമേ നടത്താൻ ഈ ഉപകരണത്തിലൂടെ കഴിയുന്നു.
Editorial
നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.
അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു.
തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്.
കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്?2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ് 723 കോടി. മറ്റു ചെലവുകൾ കൂട്ടിയാലും ഇരട്ടിയിലേറെ സന്പാദിച്ചു.
പക്ഷേ, റോഡുകൾ പലയിടത്തും താറുമാറായി. ഗതാഗതക്കുരുക്ക് ചിലപ്പോൾ 12 മണിക്കൂർ വരെയായി. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തുടർന്ന് ദേശീയപാത 544ൽ ഇടപ്പള്ളി - മണ്ണുത്തി ഭാഗത്തെ ടോൾപിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവായി.
ഇതിനെതിരേ കന്പനി മാത്രമല്ല ദേശീയപാതാ അഥോറിറ്റിയും സുപ്രീംകോടതിയിലെത്തി. അടിപ്പാതകളുടെ നിര്‍മാണം നടത്തിയത് മറ്റൊരു കമ്പനിക്കാരായതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം തങ്ങളല്ല എന്ന ജിഐപിഎലിന്റെ വാദം വിലപ്പോയില്ല. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കാൻ യാത്രക്കാർ എന്തിനാണ് പണം കൊടുക്കുന്നതെന്നു ചോദിച്ച സുപ്രീംകോടതി, ഹൈക്കോടതിവിധി ശരിവച്ചു.
കേരളത്തിൽ ഇത്തവണ കാലവർഷം തുടങ്ങിയതോടെ ദേശീയപാതയുടെ പുത്തൻ നിർമിതികൾ പലയിടത്തും ഒലിച്ചുപോയത് കേരളം നടുക്കത്തോടെയാണു കണ്ടത്. കുന്നുകളോടു ചേർന്നും ചതുപ്പുനിലങ്ങളിലും റോഡ് പണിയുന്പോൾ മണ്ണിന്റെ ഉറപ്പിനെക്കുറിച്ചും മണ്ണിടിച്ചിൽ സാധ്യതകളെക്കുറിച്ചും നാട്ടുകാർക്കു തോന്നിയ സംശയങ്ങൾപോലും കരാറുകാർക്കും ദേശീയപാതാ അഥോറിറ്റി എൻജിനിയർമാർക്കും തോന്നിയിരുന്നില്ല.
ഏതാണ്ട് ഇതേയവസ്ഥയാണ് ടോൾ പ്ലാസയോട് അനുബന്ധിച്ചും ഉണ്ടായിരിക്കുന്നത്. ഹൈവേയിൽ അറ്റകുറ്റപ്പണിയില്ല, സർവീസ് റോഡുകൾക്കൊന്നും നിലവാരമില്ല, അവിടേക്കു പ്രവേശിക്കുന്നിടത്ത് വീതി കൂട്ടുകയോ ഉയരം ക്രമീകരിക്കുകയോ ചെയ്തില്ല, വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സമാന്തര റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ല, വെള്ളം ഒഴുകിപ്പോകാൻ കാനകളില്ല... പരാതികളൊന്നും കന്പനി ഗൗനിച്ചില്ല.
കരാർ ലംഘനത്തിന്റെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ നോട്ടീസ് നൽകിയ ദേശീയപാതാ അഥോറിറ്റി 2,243.53 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരേ കന്പനി കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നിട്ടും കോടതിയിൽ കന്പനിക്കുവേണ്ടി അഥോറിറ്റി നിലകൊണ്ടു. ആകെയൊരു പൊരുത്തക്കേടാണ്. സംസ്ഥാന സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് വിഷയം ഹൈക്കോടതിയിലെത്തിച്ച ഹർജിക്കാരനായ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞത്.
ടോൾപിരിവ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ദേശീയപാതാ അഥോറിറ്റിയും കരാർ കന്പനിയും സുപ്രീംകോടതിയിലെത്തിയപ്പോൾ എതിർകക്ഷികളിൽ ഉണ്ടായിരുന്ന സംസ്ഥാന സർക്കാർ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽ കൊണ്ടുവന്നില്ല. സര്‍ക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്‍സല്‍മാര്‍ വാദം നടന്ന രണ്ടുദിവസവും കോടതിയിൽ എത്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ നോട്ടീസ് നല്കിയ കമ്പനിയാണ് ദേശീയപാതയില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതും മറക്കരുത്. കേന്ദ്രമായാലും സംസ്ഥാനമായാലും ഇത്തരം വിട്ടുവീഴ്ചകൾ വിശദീകരിച്ചില്ലെങ്കിൽ അഴിമതി മണക്കും. തടസമില്ലാത്തതും വേഗത്തിലുള്ളതും സുഖകരവുമായ സഞ്ചാരത്തിനാണ് ചോദിക്കുന്ന പണം യാത്രക്കാർ കൊടുക്കുന്നത്.
അത് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. വഴി നന്നാക്കാതെ പിരിവെടുക്കുന്നതു കൊള്ളയാണ്. എന്നിട്ടും അതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നത് കള്ളനു കാവൽ നിൽക്കലാണ്. സർക്കാരുകൾ ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ വ്യക്തികൾക്കു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. നിങ്ങളുടെ പേര് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ആയിക്കൊള്ളട്ടെ; പാലിയേക്കരയിൽ കുടുങ്ങിയ യാത്രക്കാർ അന്വേഷിച്ചിട്ടു കാണുന്നില്ല.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ നിര്മാണപ്രവര്ത്തനങ്ങള്മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോള്‍ പിരിവ് നിര്ത്തിവയ്ക്കാത്തതെന്തെന്ന് ദേശീയപാത അഥോറിറ്റിയോട് ഹൈക്കോടതി. ഇക്കാരത്തില്‍ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദേശീയപാത അഥോറിറ്റിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാണ് കാരണം കാണിക്കാന്‍ ദേശീയപാത അഥോറിറ്റിയോട് നിര്‍ദേശിച്ചത്. ഹര്‍ജി വീണ്ടും ജൂലൈ ഏഴിന് പരിഗണിക്കും.
സൈഡ് റോഡുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലായതും കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതുമാണ് ഗതാഗതക്കുരുക്കിന്റെ മുഖ്യ കാരണങ്ങളിലൊന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്കിയ ഉപഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അടിപ്പാതകളുടെ കരാര്‍ നല്‍കിയിരിക്കുന്നത് മറ്റൊരു കമ്പനിക്കാണെന്ന് ദേശീയപാത അഥോറിട്ടി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ടോള്‍ പിരിവിന് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് സൈഡ് റോഡുകളും സര്‍വീസ് റോഡുകളും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ഉത്തരവാദിത്വമുണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. പ്രശ്നം മുന്‍കൂട്ടി കാണേണ്ടിയിരുന്നത് ദേശീയപാത അഥോറിറ്റിയുടെ ഉത്തരവാദിത്വമായിരുന്നെന്നും ഇത്തരത്തില്‍ സംഭവിക്കാന്‍ അനുവദിക്കരുതായിരുന്നെന്നും കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആവശ്യമായ ഒരുക്കങ്ങളില്ലാതെയാണ് അടിപ്പാതകളുടെ നിര്‍മാണം ആരംഭിച്ചതെന്നും പണി മെല്ലെപ്പോക്കിലാണെന്നും കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനിടെ കാസര്‍ഗോഡ് കുമ്പളയില്‍ ദേശീയപാത അഥോറിറ്റിയുടെ ടോള്‍ ബൂത്ത് നിര്‍മാണം തടഞ്ഞ ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. 20 കിലോമീറ്റര്‍ മാത്രം അകലെ തലപ്പാടിയില്‍ മറ്റൊരു ടോള്‍ കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കുമ്പളയിലേത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കര്‍ളയാണ് ഹര്‍ജി നല്‍കിയത്.
ഒരു മാസത്തേക്ക് നിര്‍മാണം നിർത്തിവയ്ക്കാനും തല്‍സ്ഥിതി തുടരാനുമായിരുന്നു ഇടക്കാല ഉത്തരവ്. ഒരു ടോള്‍ പ്ലാസയുടെ 60 കിലോമീറ്റര്‍ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു.