ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാനിൽ ആകെ മരിച്ചവരുടെ എണ്ണം 787 ആയി. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.