മാനന്തവാടി: സംസ്ഥാന ക്ഷീരശ്രീ പുരസ്കാരത്തിന് തൊട്ടുപുറകെ ലില്ലി മാത്യുവിന്റെ ലില്ലീസ് ഫാമിലെ പശുവിന് ആദ്യപ്രസവത്തിൽ തന്നെ മൂന്ന് പെണ്കിടാരികൾ ഉണ്ടായത് ഇരട്ടിമധുരമായി.
സാധാരണ ഗതിയിൽ പശുക്കളിൽ ഒരു കിടാരിയാണ് ഉണ്ടാകാറുള്ളത്. എന്നാൽ അപൂർവമായി ഒരുപ്രസവത്തിൽ രണ്ട് കിടാരികളും ഉണ്ടാകാറുണ്ട്. എന്നാൽ മൂന്ന് കിടാരികൾ എന്നുള്ളത് അപൂർവങ്ങളിൽ അപൂർവമെന്നാണ് വെറ്ററിനറി രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഉയർന്ന ഉൽപ്പാദനശേഷിയുള്ള എച്ച് എഫ് ഇനത്തിൽപ്പെട്ട പശുവാണ് പ്രസവിച്ചത്. 25 വർഷമായി ക്ഷീരമേഖലയിൽ പ്രവൃത്തിക്കുന്ന അയ്യാനിക്കാട്ട് ലില്ലി മാത്യുവിന്റെ ഫാമിൽ നിലവിൽ 150 ഓളം പശുക്കളുണ്ട്.
ആദ്യമായാണ് ഇത്തരമൊരു കൗതുകത്തിന് ലില്ലി മാത്യുവും കുടുംബങ്ങളും സാക്ഷിയാകുന്നത്. വളരെയധികം സന്തോഷമുണ്ടെന്ന് ലില്ലി പറഞ്ഞു. സംസ്ഥാന ക്ഷീരശ്രീ പുരസ്കാരവുമായി മാനന്തവാടിയിലെ വീട്ടിലെത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഫാമിലെ പശുവിന് ആദ്യപ്രസവത്തിൽ തന്നെ മൂന്ന് പെണ്കിടാരികൾ ഉണ്ടായത്. അപൂർവ കാഴ്ച കാണാനായി നിരവധി ആളുകളാണ് ഫാമിൽ എത്തുന്നത്.