ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്‍റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്‍റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.
മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്‍റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ മൂന്നു പ്രധാന ആവശ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോടു മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ. രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതു വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.