ന്യൂഡൽഹി: രാജ്യത്തെ ലഹരിമാഫിയ ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ‘ഡിറ്റക്ട്, ഡിഡക്ട്, ഡിസ്ട്രോയ്’ (കണ്ടെത്തുക, തടയുക, നശിപ്പിക്കുക) എന്ന ശക്തമായ തന്ത്രം പിന്തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ചേർന്ന നർക്കോ-കോർഡിനേഷൻ സെന്ററിന്റെ പത്താമത് ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്ത് നടത്തുന്നവരോട് യാതൊരു ദയയുമില്ലാത്ത ‘ക്രൂരമായ’ സമീപനം സ്വീകരിക്കണമെന്നും, എന്നാൽ ലഹരിക്ക് ഇരകളായവരോട് തികച്ചും കരുണയോടെ പെരുമാറണമെന്നും അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ലഹരിമരുന്ന് കടത്തുകാരെയും ഇതിന്റെ മുഖ്യ ആസൂത്രകരെയും ഒരു കാരണവശാലും വെറുതെ വിടരുത്. ഡാർക്ക് വെബ് നിരീക്ഷണം ശക്തമാക്കുകയും കൃത്രിമ മരുന്നുകൾ നിർമിക്കുന്ന രഹസ്യ ലാബുകൾ തകർക്കുകയും വേണം. എല്ലാ സംസ്ഥാനങ്ങളും ഒരേ പ്ലാറ്റ്ഫോമിൽ ഒത്തുചേർന്ന് പ്രവർത്തിക്കണം. തത്സമയ വിവരങ്ങൾ കൈമാറാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വികസിപ്പിച്ച പോർട്ടലുകൾ എല്ലാ സംസ്ഥാനങ്ങളും കൃത്യമായി ഉപയോഗിക്കണം.
കേവലം യോഗങ്ങളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ ഉപരിയായി, തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാമൂഹികമായി വലിയ സ്വാധീനമുള്ള സന്യാസിമാർ, യുവാക്കൾ, അമ്മമാർ എന്നിവരെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ വലിയ വർധനവുണ്ടായതായി അമിത് ഷാ അവകാശപ്പെട്ടു. ഇതിന്റെ കണക്കുകളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.