ഒരെഴുത്തുകാരന്റെ പേര് പലപ്രാവശ്യം ചൊല്ലിപ്പഠിച്ചിട്ടാണ് ഒന്നു പറയാനായത്. ഷ്വകീങ്മറീയമഷാറൂദീ അസീസ്. ഒറ്റശ്വാസത്തിൽ പറഞ്ഞില്ലെങ്കിൽ ചില വാക്കുകൾ തൊണ്ടയിൽ കുടുങ്ങും. ബ്രസീലിയൻ നോവലിസ്റ്റാണ്. പേരുപോലെതന്നെ സങ്കീർണമാണ് അദ്ദേഹത്തിന്റെ കഥാപ്രപഞ്ചവും. അത് ഒറ്റ വായനയിൽ പൂർണമാക്കാവുന്ന ഒന്നല്ല. ഒന്നിലധികം അടരുകൾകൊണ്ട് തുന്നിച്ചേർത്ത സവിശേഷസൃഷ്ടികളാണ് അദ്ദേഹത്തിന്റെ നോവലുകൾ. സഹസ്രദളപത്മം എന്ന് ഒറ്റവാക്കിൽ അതിനെ വിശേഷിപ്പിക്കാം.
അസീസിന്റെ നോവലുകൾക്ക് മുൻവാതിലുകളില്ല. പിൻവാതിലിലൂടെ വേണം അകത്തേക്കു പ്രവേശിക്കാൻ. ഒരു ജീവിതത്തിന്റെ പിൻവാതിൽ മരണമാണ്. അതിലൂടെയാണ് അസീസ് വായനക്കാരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. അവിടുന്ന് തുടങ്ങി പിറവിയിൽ എത്തുമ്പോഴേക്കും ഒരു ജീവിതം പറഞ്ഞുതീരുന്നു. ആ അർഥത്തിൽ അതൊരു ജിജ്ഞാസാത്മകമായൊരു അനുഭൂതിയാണ്. തുടക്കവും ഒടുക്കവും അറിയാത്ത അവസ്ഥ. വായനക്കാരന്റെ അന്വേഷണം എന്നെന്നേക്കുമായി തളച്ചിട്ട് അവനു മുന്നിൽ കണ്ടറിയലിന്റെ ഒരു മഹാപ്രപഞ്ചം നോവലിസ്റ്റ് തുറന്നുകൊടുക്കുന്നു. അങ്ങനെ വരുമ്പോൾ ജീവിതം ഒരു പൂർണവിരാമം അല്ല എന്നു വരുന്നു. അത് ഗാഢമായ ചേർച്ചയും വിരാഗമായ അകൽച്ചയുമായ എന്തോ ഒന്ന് എന്ന തോന്നൽ ഉണ്ടാക്കുന്നു. ഈ തോന്നലിനെയാണ് അസീസ് യാഥാർഥ്യം എന്ന് വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നത്.
അസീസിന്റെ നോവൽപോലെയാണ് ചിലരുടെ ജീവിതങ്ങൾ. അവർ അന്ത്യത്തിൽനിന്ന് ആരംഭത്തിലേക്ക് ഒഴുകുന്നവരാണ്. അഴിമുഖത്തുനിന്നു വൃഷ്ടി പ്രദേശത്തേക്ക് ഒഴുകുന്ന ഒരു പുഴയെ സങ്കല്പിച്ചാൽ ഇത് ബോധ്യമാകും. അങ്ങനെ സങ്കൽപ്പിക്കുന്നത് ഒരാളെ ഉന്മാദിയാക്കുമെന്ന് സാർത്ര് പറയുന്നുണ്ട്. അവർ അവസാന വഴിയമ്പലത്തിൽനിന്ന് ആരംഭത്തിലേക്ക് ഒഴുകുന്നവരാണ്. അവരെ ലളിതമായി നിർവചിക്കാനാവില്ല. കുഞ്ഞിരാമൻനായരുടെ ഭാഷയിൽ പറഞ്ഞാൽ "അനന്ത ഗോളചലനചക്ര നിഷ്പന്ദബിന്ദു'. വിൻസെന്റ് വാൻഗോഗ് അങ്ങനെയൊരു നിഷ്പന്ദ ബിന്ദുവായിരുന്നു. വാൻഗോഗിന്റെ ജീവിതം തുടങ്ങുന്നത് ഗോതമ്പുപാടത്തുനിന്നാണ്. അവിടെവച്ചാണ് മരിക്കണമേ എന്ന നിശബ്ദ പ്രാർഥനയോടെ വാൻഗോഗ് സ്വയം നിറയൊഴിച്ചത്. എന്നാൽ, ആ വെടിയുണ്ട ഹൃദയത്തിൽ സ്പർശിക്കാതെ കടന്നുപോയി. പിന്നീടുള്ള ആറുനാൾ വാൻഗോഗ് ഉത്തരായനവും കാത്ത് ശരശയ്യയിൽ കിടന്നു. അപ്പോഴും അസ്ഥിയുടെയും മാംസത്തിന്റെയും മധ്യേ ആ ശരീരത്തിൽനിന്ന് പീതരക്തം പശിമരാശിയുള്ള ഗോതമ്പുപാടത്തേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ആ രക്തത്തിൽ പേന മുക്കിയാണ് ഇർവിങ്സ്റ്റോൺ "ജീവിതാസക്തി' എഴുതിയത്. അത് മൃത്യുവിൽനിന്ന് പിറവിയിലേക്കു നീണ്ട ഒരു ഭ്രാന്തൻ ജീവിതത്തിന്റെ മരണമൊഴി കൂടിയായിരുന്നു.
സാൽവദോർദാലിയെ ഓർമവരുന്നു. ദാലിയുടെ കിറുക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളേക്കാൾ സുന്ദരമായിരുന്നു. ആകാശത്തെ തൊടാനെന്നവണ്ണം ആയുന്ന മെഴുവാർന്ന മീശയും തുറിച്ച കണ്ണുകളും എന്നെ ആദ്യം ഭയപ്പെടുത്തിയിരുന്നു. വിചിത്രമായ ആ നോട്ടം ഒരു കലാകാരന്റേതായിരുന്നില്ല. ഭൂമിയെ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു നിഗൂഢ ജീവിയുടെ ഭാവമായിരുന്നു അത്. എങ്കിലും അകമേ എനിക്ക് ദാലിയോടൊരിഷ്ടം തോന്നിയിരുന്നു. ദാലിയുടെ പ്രിയപ്പെട്ട ഗാലയെയാണ് ഞാനാദ്യം വായിച്ചത്. ഗാലയുടെ ദാലി കുറിപ്പുകൾ പലതും ദുരൂഹമായിരുന്നു. ദാലിയുടെ വിചിത്രമായ സ്വഭാവരീതികൾ, ലൈംഗിക തൃഷ്ണകൾ, ചിത്രമെഴുത്തുകൾ എല്ലാം ആ കുറിപ്പുകളിലുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഒരൊത്തിരി ദൂരം ഞാൻ ദാലിയുടെ പിന്നാലെ നടന്നിട്ടുണ്ടാകണം. ആ യാത്രയുടെ കുമ്പസാരങ്ങൾ പിൽക്കാലത്ത് ഞാനൊരു പുസ്തക രൂപത്തിലെഴുതി പൂർത്തിയാക്കിയിരുന്നു.
ദാലിയുടെ ഉന്മാദം നട്ടുച്ചയ്ക്ക് തീപിടിക്കുന്നതുപോലെയായിരുന്നു. ചില നേരങ്ങളിൽ അത് പുകഞ്ഞും അണഞ്ഞും കിടക്കും. ചില നേരങ്ങളിൽ മിന്നൽപ്പിണർപോലെ അത് മേഘശലാകകൾക്കു മീതെ പായും. ചിലപ്പോൾ ഒരു ഹുങ്കാരം മാത്രം. മരുഭൂമിയിൽ എന്നോ വറ്റിപ്പോയ ഒരു നീരുറവ തേടും പോലെയായിരുന്നു ദാലിയുടെ ഭ്രാന്ത്. അതൊരിക്കലും കണ്ടെത്താനാകില്ല. ചക്രവാളങ്ങളിൽ മേഞ്ഞുനടക്കുന്ന സ്വച്ഛമേഘങ്ങൾ പോലെയാണത്. ഛേദിക്കപ്പെട്ട കൃഷ്ണമണികൾക്കിടയിലൂടെയാണ് ദാലി ലോകത്തെ കണ്ടത്. അതുകൊണ്ടുതന്നെ ദാലിയുടെ മനുഷ്യർ പുഴുക്കളായിരുന്നു. അതൊരിക്കലും പ്രലോഭനങ്ങൾക്ക് വഴങ്ങുന്ന ഒന്നായിരുന്നില്ല. ഗാല വിട്ടുപോയപ്പോൾ ദാലിയുടെ മുറിയിൽനിന്ന് ഒരു നിലവിളി കേട്ടു എന്ന് പരിചാരിക രേഖപ്പെടുത്തിയിട്ടുണ്ട്. ഉന്മാദത്തിന്റെ ആ നിലവിളിയൊച്ച തന്റെ രഹസ്യജീവിതത്തിൽനിന്നുള്ള മുക്തിമന്ത്രം കൂടിയായിരുന്നു.
വാൻഗോഗിനെപ്പോലെ, ദാലിയെപ്പോലെ ഒരാൾകൂടി എന്റെ മനസിലുണ്ട്.
അവനൊരു മഹാഗണി വൃക്ഷത്തൈ കൊണ്ടുവന്ന് എന്റെയുള്ളിനെ വനനിബിഡമാക്കിയവനാണ്. അവൻ ചോര ചിന്താതെ ഈ ഭൂമി വിട്ടുപോകണേ എന്നായിരുന്നു എന്റെ പ്രാർഥന. പക്ഷേ, അവൻ തഴമ്പുറ്റ കൈകൾകൊണ്ട് ഒരു ഖഡ്ഗം വയറ്റിലേക്കു മൃദുവായി അമർത്തി. ധീരസാഹസികമായിരുന്നു ആ മരണം. ആ മരണത്തിന്റെ പേരാണ് യുകിയോ മിഷിമ. ആ ജീവിതം നിറയെ ഉന്മാദമായിരുന്നു. അത് കുട്ടിക്കാലം മുതലേ മിഷിമയിലുണ്ടായിരുന്നു. അതൊരു രജത സർപ്പമായി അവന്റെ പ്രക്ഷുബ്ധജീവിതത്തെ വലിച്ചുമുറുക്കി. അവന്റെ ആധിബാധകൾ ഒരിക്കലും ശമിച്ചിരുന്നില്ല. അത് കൊടിപിടിച്ച് ഉന്മാദത്തിന്റെ കൊടുംവേനലിനു മുന്നേ നടന്നു
സ്വന്തം ശരീരത്തിൽ ഇത്രയേറെ അഭിരമിച്ച മിഷമയെപ്പോലെ മറ്റൊരാൾ ഉണ്ടോ എന്നു സംശയമാണ്. ഒരുതരം ആത്മരതി. വാർധക്യം ശരീരത്തിൽ ചുളിവുകൾ വീഴ്ത്തും മുന്പ് ഈ ഭൂമിയിൽനിന്നു രക്ഷപ്പെടണമെന്ന് മിഷിമ കാലേകൂട്ടി തീരുമാനിച്ചിരുന്നു. അതുവരെയും ശരീരം ഒരു പ്രദർശന വസ്തുവായി എല്ലാവരും കണ്ടുകൊതിക്കണമെന്ന ശാഠ്യം മിഷിമയ്ക്കുണ്ടായിരുന്നു. അതിനായി മിഷിമ ബോഡി ബിൽഡിംഗ്, കരാട്ടെ, കെൻഡോ തുടങ്ങിയ ആയോധനമുറകളും അഭ്യസിച്ചു. അക്കാലത്താണ് ഇരുപതാം നൂറ്റാണ്ട് കണ്ട മികച്ച കൃതികളിലൊന്ന് മിഷിമ എഴുതുന്നത്; "കൺഫെഷൻ ഓഫ് മാസ്ക്'. ആത്മകഥാപരമായ നോവലായിരുന്നു അത്. അതിൽ മിഷിമയുടെ ജീവിതവും ഉന്മാദവും മരണവുമുണ്ട്. അതൊരു തുറന്ന പുസ്തകമായിരുന്നു.
ജീവിതത്തിന്റെ ഉത്സവകാലങ്ങളെക്കുറിച്ചുള്ള നെടുങ്കൻ വിവരണങ്ങൾ അതിലുണ്ട്. ഒടുവിൽ പരാജിതനും നിരാശനും നഷ്ടസർവസ്വനുമായ മിഷിമ ഹരാ-കിരി അനുഷ്ഠിച്ചു. അത് തോൽവിക്കു മുന്നിൽ ഓടിയെത്താൻ കഴിയാതെ വരുമ്പോൾ ഒരാൾ ചെയ്യുന്ന ഹീന മാർഗങ്ങളിലൊന്നായിരുന്നു. ആ മാർഗം മിഷിമയുടെ ഉന്മാദമെടുത്ത തീരുമാനമായിരുന്നു. വയറു പിളർന്ന് മരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് ദൈവം നോക്കിയിട്ടുണ്ടാകണം. ആ ഖഡ്ഗം അവന്റെ വയറ്റിൽനിന്ന് വലിച്ചൂരി എടുക്കുമ്പോൾ ദൈവം പ്രാർഥിച്ചിട്ടുണ്ടാകണം. ഭൂമിയിൽ ഇനിമേൽ ആരെയും ഉന്മാദികളാക്കില്ല എന്ന് നിശബ്ദം പ്രതിജ്ഞ ചൊല്ലിയിട്ടുണ്ടാകണം.