എന്നെ തൊടാതെപോയ ചില നക്ഷത്രങ്ങളുണ്ട്. ചില മയൂഖങ്ങൾ. സഹസ്രനാമജപം പോലെ ഉന്മേഷപ്രദമായ ചില തുടിപ്പുകൾ. ഒരു ചെറുവിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസിരിക്കുംപോലെ. എന്റെ മണ്ണിലേക്കൊരിത്തിരിപോലും പൊഴിഞ്ഞിട്ടില്ല ഇതുവരെ. അപ്പോഴെല്ലാം നിരത്തിൽ കാക്ക കൊത്തിവലിക്കുന്ന എന്തോ ഒന്ന് എന്റെ നെഞ്ച് തന്നെയെന്നു തോന്നിയിട്ടുണ്ട്. അതെല്ലാം ഉള്ളിൽ പെയ്യാതെ പെയ്യുന്ന കാലവർഷങ്ങളാണ്.
ഞാനോർക്കാറുണ്ട്, എന്റെ ചുടുനെറ്റിയിൽ തലോടാതെപോയ വിരലുകളെ. കന്നിവെയ്ലൊളിപോൽ ചുംബിക്കാതെപോയ കവിളുകളെ, തമ്മിൽ തഴുകി തളരാതെപോയ ഉടലുകളെ. നെഞ്ചിൽ കുറുകുന്ന സങ്കല്പങ്ങളെ, അത്രമേൽ കാതരമാകുമീ നോവിനെ, ക്ഷുഭിത സാഗരകയങ്ങളെ... എനിക്കറിയാം, എല്ലാ ഓർമകൾക്കും ഒരു മുളന്തണ്ടിൽനിന്ന് സംഗീതത്തിലേക്കുള്ള ദൂരം മാത്രമേയുള്ളൂവെന്ന്. എന്നിട്ടും ആ നനവിനുവേണ്ടി പുഴ മറഞ്ഞ വടിവുകളിലൂടെ ഞാൻ നടന്നു. ഏക്താരയിൽ വിരലുകൾ മേഞ്ഞു. പുതുമണ്ണിൻ മണം നുകർന്നുന്മത്തനായ്. മുങ്ങിനിവരും നിശ്വാസങ്ങൾപോൽ തുടിച്ചു. പിന്നെയും പിന്നെയും നിന്റെ ആനന്ദലീലയിൽ ഞാനറിയാതെ അഭിരമിച്ചു പോകുന്നു.
നാട്ടിലെ വൈദ്യൻ തന്ന മരുന്നു സേവിച്ചാണ് ഉന്മാദം ഞാനൊരല്പം ഇറക്കിവച്ചത്. എങ്കിലും കുറേനാൾകൂടി ആ ഭ്രമണാരവം തലയ്ക്കകത്തുണ്ടായിരുന്നു. പഠിച്ചുപഠിച്ച് മനം മറിഞ്ഞതാണെന്ന് ബന്ധുക്കൾ പാടി നടന്നു. അല്ല, അമ്പേറ്റു പിടഞ്ഞ സങ്കല്പങ്ങളാണ് രോഗഹേതു എന്ന് വൈദ്യൻ എന്നോട് അടക്കംപറഞ്ഞു. അതായിരുന്നു ശരി. ഞാൻ പതിയെ സങ്കല്പങ്ങളെ അഗ്നിശുദ്ധി വരുത്താൻ തുടങ്ങി. പേമാരിയിൽ ഇറങ്ങിനിന്നു. ഉള്ളിൽനിന്നിറങ്ങിപ്പോയ തമോമൂർത്തികളെ വിളിച്ചുവരുത്തി. ചെന്തീപ്പൊരി തുപ്പുന്ന പൂങ്കരളുകളെ ആവുന്നത്ര അകറ്റിനിർത്തി. പതിയെപ്പതിയെ എനിക്കൊന്നിനോടും പേടിയില്ലാതായി. നെല്ലു കുത്തിയ തളം തൂത്തുവാരിയപോലെയായി അപ്പോൾ മനസ്. പക്ഷേ, ഭയമൊഴിഞ്ഞ മനസിൽ എനിക്ക് എന്നോടു മാത്രമായി പിന്നീടു ഭയം.
അതിനു ചികിത്സയില്ലെന്ന് വൈദ്യൻ പറഞ്ഞു. വൈദ്യന്റെ വാക്കുകേട്ടശേഷം നേരേ പോയത് വായനശാലയിലേക്കായിരുന്നു. അപ്പോഴേക്കും എംഎ കഴിഞ്ഞിരുന്നു. എനിക്ക് വല്ലാത്ത വിശപ്പും ദാഹവും തോന്നി. അതു പുസ്തകങ്ങളോടായിരുന്നു. ഇരതേടി നടന്ന കാട്ടുമൃഗത്തെപ്പോലായിരുന്നു അപ്പോൾ മനസ്. കണ്ണിൽ കണ്ടതിനെയെല്ലാം ആർത്തിയോടെ കീഴടക്കി. ആ വായനയിലാണ് സഹ്യനപ്പുറത്തെ ചില ഉന്മാദികളെ ഞാൻ പരിചയപ്പെടുന്നത്. ഇടശേരി എഴുതിയതു പോലെ “കൈയിൽക്കൊടും കൊലവാളുമെഴുമൊരു മൂർത്തി’’കളെ. കെട്ടിയിടാനാകാത്ത പൂതങ്ങൾ. ചൊകചൊകപ്പട്ടുടുത്ത പാപികൾ. ഉന്മാദികൾ. അവരുടെ ഭ്രമസങ്കല്പങ്ങളിലും തോന്ന്യാക്ഷരച്ചുഴിയിലും ഞാനൊരു പുഴുവായി ഇഴഞ്ഞു. പലരും എന്നെ താലോലിച്ചു. ചിലരെനിക്ക് വീണ്ടും വിഷാദത്തിന്റെ കടുംനീലച്ചാറ് പകർന്നുതന്നു. ചിലരെന്നെ തേവിത്താണ കുളത്തിലിറക്കി നിർത്തി. എല്ലാം നല്ലതിനു വേണ്ടിയായിരുന്നു. നല്ലതിനു മാത്രം.
അത്തരം വായനയിലാണ് ഞാൻ വെൽഷ് കവിയായ ഡിലൻ തോമസിനെ പരിചയപ്പെടുന്നത്. ഞരമ്പിൽ രക്തത്തിനു പകരം വിഷാദം നിറച്ചുവച്ച ഒരു കവി. ഡിലന്റെ മുഖം യവനകാല ശേഷിപ്പുപോലെ എനിക്കു തോന്നി. മരത്തിന്റെ ശാഖകളെ പുണർന്നു വളർന്ന മുന്തിരിവള്ളികൾ പോലായിരുന്നു ഡിലന്റെ ഭാവന. അതിൽ നിറയെ കിറുക്കിന്റെ മുന്തിരിക്കുലകളായിരുന്നു. എല്ലാ ഋതുവിലും അതു പുഷ്പിച്ചുകൊണ്ടേയിരുന്നു. ഒരു ജന്മത്തിൽ ഇത്രയേറെ നരകങ്ങൾ കണ്ടു നടന്ന ഒരു കവി ഡിലനെപ്പോലെ മറ്റൊരാളുണ്ടോ എന്നു സംശയമാണ്. വിഷാദരോഗം പിടിമുറുക്കിയ കാലത്ത് ഡിലൻ എഴുതി: “കവിത എഴുതാൻവേണ്ടി മാത്രമാണ് ഞാൻ ജനിച്ചത്. എഴുതുമ്പോൾ മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. അല്ലാത്തപ്പോ ഴെല്ലാം ഞാൻ ജഡമാണ്!’’ വിഷാദം ഉന്മാദത്തിലേക്ക് കരകവിഞ്ഞൊഴുകിയപ്പോൾ ഡിലൻ വീണ്ടും എഴുതി: “ശിശിരത്തിലെ ഒടുവിലത്തെ ഇല പൊഴിയുന്നതും നോക്കിനിൽക്കുമ്പോൾ എനിക്കോർമവരും; ഞാനിനിയും മരിച്ചിട്ടില്ല എന്ന്!’’
നൈരാശ്യമായിരുന്നില്ല ഡിലനെ ഉന്മാദത്തിലേക്ക് ഒഴുക്കിവിട്ടത്. അത് ജന്മപ്രകൃതമായിരുന്നു. അതിന്റെ തുടിപ്പുകൾ കുട്ടിക്കാലത്ത് ഡിലൻ എഴുതിയ നഴ്സറിപ്പാട്ടുകളിൽ കാണാമായിരുന്നു. വിഷാദത്തെയും ഉന്മാദത്തെയും അകമേ ഓമനിച്ചുകൊണ്ടു നടക്കുകയായിരുന്നു ഡിലൻ. വിഷാദത്തിനോട് ഡിലനുണ്ടായിരുന്ന രഹസ്യപ്രണയം അമ്മയ്ക്കറിയാമായിരുന്നു. അമ്മ മകനെ തീരാവ്യഥപിടിച്ച ഒരു കുഞ്ഞായിക്കണ്ട് പരിചരിച്ചു. എന്നാൽ, ചികിത്സയ്ക്കുള്ള ഒരവസരത്തിനും അമ്മ ശ്രദ്ധ കൊടുത്തില്ല. വിഷാദോന്മാദം വളരെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്ന് അമ്മ കരുതി. അതിൽ അഭിരമിച്ചു തോന്ന്യാക്ഷരങ്ങൾ എഴുതിക്കൂട്ടിയ മകനെ കണ്ട് അമ്മ പിന്നീട് സങ്കടപ്പെടുന്നുണ്ട്. ഒരിക്കൽ അമ്മ മകന്റെ മുന്നിൽ മുട്ടുകുത്തി വിലപിക്കുന്നുണ്ട്. അപ്പോഴേക്കും ജീവിതത്തിലേക്ക് മടങ്ങിവരാനാകാത്തവിധം ഡിലൻ ഏറെ ദൂരം പിന്നിട്ടിരുന്നു.
ആൾക്കൂട്ടങ്ങളോട് വല്ലാത്ത ഭയം ഡിലനുണ്ടായിരുന്നു. ഹിമഖണ്ഡങ്ങൾ ഉരുകി വീഴുമോ എന്ന് സദാ സന്ദേഹപ്പെട്ടു. നനഞ്ഞ തൂവാല എപ്പോഴും കണ്ണുകൾക്കു മീതെയിട്ടു. പിതാവിന്റെ മരണത്തോടെ ഡിലൻ തീർത്തും ഒറ്റപ്പെട്ടു. പിതാവിന്റെ ആഗ്രഹപ്രകാരം ശരീരം വൈദ്യുത ശ്മശാനത്തിലാണ് സംസ്കരിച്ചത്. സംസ്കരിക്കുമ്പോൾ തല ചിന്നിച്ചിതറി പുറത്തേക്കു തെറിച്ചുവീണതായും അതിൽനിന്നുയർന്ന കറുത്ത പുക തന്നിലേക്ക് പാഞ്ഞുവരുന്നതായും ഡിലൻ തുടരെ ദുഃസ്വപ്നം കണ്ടു. കാളുന്ന ഗ്രീഷ്മംപോലെ ഡിലൻ നരകഭൂമിയിൽനിന്ന് എന്നന്നേക്കുമായി രക്ഷപ്പെടുകയായിരുന്നു.
ഇപ്പോൾ ഇതെല്ലാം വെറുതെ ഓർത്തുപോവുകയാണ്. ഓർമകളുടെ വായ്ത്താരി കേട്ടിരിക്കാൻ സുഖമാണ്. ചായം തേക്കാത്ത ചവിട്ടുപടികളിലിരുന്ന് ഞാനിങ്ങനെ ഓർക്കാറുണ്ട്. അപ്പോൾ പുറപ്പെട്ടു പോയകാലങ്ങൾ ക്ഷണവേഗത്തിൽ മടങ്ങിവരും. ദീർഘായുസുള്ള എത്രയെത്ര ഓർമകൾ. ആ ഓർമകളുടെ നെഞ്ചിൽ മുഖംചേർത്ത് ഞാനിപ്പോൾ തേങ്ങിക്കരയുകയാണ്. എന്നെ തൊടാതെ പോയ നക്ഷത്രങ്ങൾ അതു കാണട്ടെ.