ലണ്ടൻ: ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ മത്സര വള്ളംകളി നടത്തി ചരിത്രം സൃഷ്ടിച്ച് യുകെ മലയാളികൾ.
കുടിയേറ്റത്തോടൊപ്പം കൂടെ കൊണ്ടുപോന്ന കേരളത്തിന്റെ തനതായ സാംസ്കാരിക തനിമയും ആഘോഷപരിപാടികളും പുനരവതരിപ്പിച്ചു യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച കേരളപൂരം കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ഓർമപുതുക്കലും ബ്രിട്ടീഷ് മലയാളികളുടെ ഐക്യവും ഒരേ വേദിയില്‍ സംഗമിക്കുന്നതായി മാറി, റോതെർഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ മഹാസംഗമമായി മാറി.
ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യുകെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ പ്രഥമ മലയാളി സോജന് ജോസഫ് എംപി ആദ്യ തുഴ കൈമാറി. തുടര്‍ന്ന് ആദ്യ റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വര്‍ണാഭമായ ഘോഷയാത്രയാണ് കേരളപ്പൂരം വേദിയില്‍ നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ എട്ട് പതിറ്റാണ്ടുകളെ പ്രതിനിധീകരിച്ച് 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്.