ഹരിപ്പാട്: വീയപുരം റൂട്ടിൽ സർവീസ് നടത്താൻ പെർമിറ്റ് ലഭിച്ച സ്വകാര്യ ബസുകൾ യാത്രക്കാരെ വഴിയിലാക്കി സർവീസ് നിർത്തിയത് പ്രദേശവാസികളെ വലയ്ക്കുന്നു. മാവേലിക്കരയിൽനിന്ന് ഹരിപ്പാട് വഴി വീയപുരത്തേക്കും തിരിച്ചുമുള്ള സർവീസുകളും മേൽപാടം-മാന്നാർ റൂട്ടിലെ ബസുകളുമാണ് ഭൂരിഭാഗവും നിലച്ചത്.
ഉൾനാടൻ ഗ്രാമീണ മേഖലയായ വീയപുരത്ത് കെഎസ്ആർടിസി ബസുകൾ വളരെ കുറവാണ്. ഉള്ള സർവീസുകളാകട്ടെ കൃത്യസമയത്ത് ഓടാത്തതും സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ദുരിതം ഇരട്ടിയാക്കുന്നു. ഇതോടെ സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ചിരുന്ന യാത്രക്കാർ പൂർണമായും പെരുവഴിയിലായ അവസ്ഥയിലാണ്.
രോഗികളും വിദ്യാർഥികളും ഉൾപ്പടെയുള്ളവർ എട്ട് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യാൻ ഭീമമായ തുക നൽകി ഓട്ടോറിക്ഷകളെയും ടാക്സികളെയുമാണ് ആശ്രയിക്കുന്നത്. 300 മുതൽ 400 രൂപ വരെ ഓട്ടോക്കൂലി നൽകേണ്ടിവരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് കനത്ത ഭാരമാണ്.
ഹരിപ്പാട്, മാന്നാർ ടൗണുകളിലെ പ്രധാന സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട ജീവനക്കാരും കച്ചവടക്കാരും കൃത്യസമയത്ത് വാഹനങ്ങൾ ലഭിക്കാതെ വലയുകയാണ്.
ഇതിനുപുറമേ, ഹരിപ്പാടും മാവേലിക്കരയും വഴി സർവീസ് നടത്തിയിരുന്ന വീയപുരം-തിരുവല്ല സ്വകാര്യ ബസുകൾ വീയപുരം റൂട്ട് പൂർണമായി ഒഴിവാക്കി മണ്ണാറശാലയിലേക്ക് വഴിതിരിച്ചുവിടാനും ഹരിപ്പാട് യാത്ര അവസാനിപ്പിക്കാനും ശ്രമം നടത്തുന്നതായും പരാതിയുണ്ട്. വിഷയത്തിൽ കളക്ടർ, ഗതാഗതമന്ത്രി, ആർടിഒ എന്നിവർക്ക് നേരിട്ട് പരാതികൾ നൽകിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.
വിഷയത്തിൽ കളക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. ജനങ്ങളുടെ യാത്രാദുരിതത്തിന് ഉടനടി പരിഹാരമായില്ലെങ്കിൽ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം കളക്ടറെ നേരിൽക്കണ്ട് ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങും.
പി. ഓമന, പ്രസിഡന്റ്, വീയപുരം പഞ്ചായത്ത്
യാത്രാക്ലേശം രൂക്ഷമായിട്ടും ബസ് ഓപ്പറേറ്റർമാർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് അധികൃതരുടേത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണം.
ഷിജ സുരേന്ദ്രൻ, മുൻ പ്രസിഡന്റ്, വീയപുരം പഞ്ചായത്ത്