International
ബ്രസീലിയ: ബ്രസീലിൽ ഐക്യരാഷ്ട്രസഭയുടെ മുപ്പതാമത് കാലാവസ്ഥാ ഉച്ചകോടി (സിഒപി30) നടക്കുന്ന വേദിയിലേക്ക് ആദിവാസി പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി.
ആമസോൺ മഴക്കാടുകളിലേക്കുള്ള പ്രവേശനകവാടം എന്നു വിളിക്കുന്ന ബെലം നഗരത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വനസംരക്ഷണത്തിന് കൂടുതൽ നടപടികൾ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രതിഷേധക്കാർ ഉച്ചകോടി വളപ്പിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
ആമസോൺ കാടുകളിൽ എണ്ണ, ധാതു ഖനനങ്ങളും അഗ്രി വ്യവസായങ്ങളും നിരോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഈ മാസം പത്തിന് ആരംഭിച്ച ഉച്ചകോടി 21നാണ് അവസാനിക്കുന്നത്. പാരീസ് ഉടന്പടിയുടെ പത്താം വാർഷികത്തിലെ ഉച്ചകോടിയിൽ ആഗോളതാപനം നിയന്ത്രിക്കാനുള്ള സുപ്രധാന നടപടികൾ പരിസ്ഥിതിവാദികൾ പ്രതീക്ഷിക്കുന്നു.
Kerala
മലപ്പുറം: കാലിക്കട്ട് സർവകലാശാല കാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല.
ഹോസ്റ്റലുകളിൽനിന്നും ഒഴിഞ്ഞുപോകണമെന്നും വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കട്ട് സർവകലാശാല കാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.