ബംഗളൂരു ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമുണ്ടായ കനത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞ ഒരു യാത്രക്കാരൻ ഗർഭിണിയായ ഭാര്യയെ സാക്ഷിയാക്കി റോഡിലിരുന്ന് പ്രതിഷേധിച്ച സംഭവം വലിയ ചർച്ചയാകുന്നു.
കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹത്തിന് സുഗമമായി കടന്നുപോകാൻ ട്രാഫിക് പോലീസ് മണിക്കൂറുകളോളം റോഡ് തടഞ്ഞതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
ഗവർണറുടെ വാഹനം എത്തുന്നതിന് വളരെ മുൻപ് തന്നെ പോലീസ് ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയായിരുന്നു. ഏറെ നേരം കാത്തുനിന്നിട്ടും വഴി തുറക്കാതിരുന്നതോടെ ക്ഷമകെട്ട യുവാവ് വാഹനത്തിൽ നിന്നിറങ്ങി റോഡിൽ ധർണയിരിക്കുകയായിരുന്നു.
കന്നഡ ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം അടങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. എഴുന്നേറ്റ് മാറാൻ ആവശ്യപ്പെട്ട പോലീസുകാരോട് തനിക്കും കൃത്യസമയത്ത് ജോലിക്ക് പോകേണ്ടതുണ്ടെന്നും, കൂടെയുള്ളത് ഗർഭിണിയായ ഭാര്യയാണെന്നും യുവാവ് ഓർമ്മിപ്പിച്ചു.
വിമാനത്താവളത്തിന് പുറത്തേക്ക് പോലും വരാത്ത വിഐപിക്ക് വേണ്ടി സാധാരണക്കാരെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞിടുന്നതിലെ യുക്തി ചോദ്യം ചെയ്ത അദ്ദേഹം, ഇവിടെ ഗവർണർ മാത്രമാണോ വിഐപിയെന്നും തങ്ങളൊന്നും മനുഷ്യരല്ലേ എന്നും പോലീസിനോട് ചോദിച്ചു.
ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വിഐപി സംസ്കാരത്തിനെതിരെയും പ്രതിഷേധക്കാരനോട് മോശമായി പെരുമാറിയ പോലീസിന്റെ നടപടിക്കെതിരെയും ജനങ്ങൾക്കിടയിൽ നിന്ന് കടുത്ത അമർഷമാണ് ഉയരുന്നത്.
ജനപ്രതിനിധികളും ഭരണാധികാരികളും ഇതുപോലെ സാധാരണ ഗതാഗതക്കുരുക്കിന്റെ ദുരിതം അനുഭവിച്ചാൽ മാത്രമേ ജനങ്ങളുടെ വേദന മനസിലാകൂ എന്നും, ഇത്തരം സാഹചര്യങ്ങളിൽ പോലീസുകാർ പൊതുജനങ്ങളോട് കൂടുതൽ മാന്യമായി പെരുമാറാൻ പഠിക്കണമെന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ആ യുവാവിന്റെ ഒറ്റയാൾ പോരാട്ടത്തിന് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.