ഉത്തർപ്രദേശിലെ ബറേലിയിൽ പ്രകൃതിക്ഷോഭത്തിനിടെയുണ്ടായ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റിൽ, ടിൻ ഷീറ്റിൽ മുറുകെപ്പിടിച്ച ഒരു യുവാവ് അമ്പതടിയിലധികം ഉയരത്തിലേക്ക് വായുവിൽ എടുത്തെറിയപ്പെട്ടു.
ബമിയാന ഗ്രാമവാസിയായ നാൻഹെ മിയാനാണ് ഈ അത്ഭുതകരമായ അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോകാതിരിക്കാൻ കയറുപയോഗിച്ച് കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റ് ആഞ്ഞടിച്ചത്.
നിമിഷങ്ങൾക്കുള്ളിൽ ടിൻ ഷീറ്റിനൊപ്പം നാൻഹെയും വായുവിലൂടെ പറക്കുകയും ദൂരേക്ക് തെറിച്ചുപോവുകയുമായിരുന്നു. നിലത്ത് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൻ രക്ഷപ്പെടാനായി കയറിൽ മുറുകെപ്പിടിച്ചെങ്കിലും കാറ്റിന്റെ ശക്തിയിൽ കയർ പൊട്ടിപ്പോയെന്നും എവിടെയാണ് വന്നു വീണതെന്ന് പോലും ഓർമ്മയില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള അതീവ ഗുരുതരമായ കാലാവസ്ഥാ സാഹചര്യത്തിന്റെ തെളിവായി ഈ സംഭവം മാറി. മഴയും ഇടിമിന്നലും കാറ്റും തകർത്തെറിഞ്ഞ ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 89 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. പ്രയാഗ്രാജ്, ഭദോഹി ഉൾപ്പെടെയുള്ള ജില്ലകളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ മൂന്ന് മണിക്കൂറിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും അർഹമായ നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാനും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Bravery turned into a nightmare ?
— Girija (@Girijaa_oak) May 14, 2026
In Bareilly, a man held onto a tin shed during a violent storm — seconds later, the wind ripped it away and hurled him into the air.
He survived, but both his arms and legs are fractured. #Bareilly #Storm #ViralVideo pic.twitter.com/pN5kibkODy
Tags : BareillyStorm MiracleSurvival UttarPradeshNews ViralVideoIndia NatureFury