മഹാശിവരാത്രിയുടെ പുണ്യവും കാത്തിരിപ്പും നിറഞ്ഞ വാരണാസിയിലെ ഗംഗാതീരത്ത് ഭക്തരെയും വിനോദസഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ച ഒരു വേറിട്ട കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരിക്കുന്നത്.
ശിവവേഷധാരികളായ രണ്ട് ആൺകുട്ടികൾ തമ്മിൽ നടുറോഡിൽ നടത്തിയ സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്.
സാധാരണ നിലയിൽ ശാന്തതയും ഭക്തിയും തുളുമ്പുന്ന ഘാട്ടുകളിൽ, സാക്ഷാൽ മഹാദേവന്റെ വേഷവും ചമയങ്ങളും അണിഞ്ഞവർ തന്നെ പരസ്പരം കൈയേറ്റം ചെയ്തത് കണ്ടുനിന്നവർക്ക് അവിശ്വസനീയമായിരുന്നു.
വലിയ കുട്ടിയും ചെറിയ കുട്ടിയും തമ്മിലുള്ള ഈ വഴക്ക് മുറുകിയപ്പോൾ മുതിർന്ന ആൺകുട്ടി ഇളയവനെ നിലത്ത് വീഴ്ത്തി അമർത്തിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം.
വഴിയാത്രക്കാർ ഇടപെട്ട് ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ തല്ലിന് പിന്നിലെ യഥാർഥ കാരണം പുറത്തുവന്നത്.
താൻ പരമാവധി സഹിച്ചതാണെന്നും എന്നാൽ ഇവൻ തന്റെ ക്ഷമ പരീക്ഷിക്കുകയാണെന്നും മുതിർന്ന കുട്ടി പറഞ്ഞപ്പോൾ, വെറും 60 രൂപ തരാത്തതിനാണ് തന്നെ തല്ലുന്നതെന്ന് ഇളയ ആൺകുട്ടി സങ്കടത്തോടെ വിളിച്ചുപറഞ്ഞു.
കേവലം 60 രൂപയ്ക്ക് വേണ്ടിയുള്ള ഈ 'ശിവതാണ്ഡവം' അറിഞ്ഞതോടെ കണ്ടുനിന്നവരുടെ ഗൗരവം ചിരിക്ക് വഴിമാറി. ഒടുവിൽ പ്രശ്നം പരിഹരിക്കാനായി ഒരു യാത്രക്കാരൻ തന്നെ ആ തുക നൽകാമെന്ന് സമ്മതിച്ചതോടെയാണ് രംഗം ശാന്തമായത്.
ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്.
വേഷം കെട്ടി ഭക്തിയുടെ മറവിൽ പണമുണ്ടാക്കാൻ നടക്കുന്നവർ മതത്തെ പരിഹസിക്കുകയാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, ജീവിതസാഹചര്യങ്ങൾ കൊണ്ട് വേഷം കെട്ടേണ്ടി വരുന്ന പാവപ്പെട്ട കുട്ടികളുടെ നിസഹായാവസ്ഥയാണ് ഇതിൽ കാണേണ്ടതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
അവർ വെറും വേഷധാരികളായ മനുഷ്യർ മാത്രമാണെന്നും അവരുടെ ജീവിതത്തിലെ ചെറിയ പരാതികളെയും തമാശകളെയും അതേ രീതിയിൽ കാണണമെന്നും പലരും കുറിച്ചു.
വിശ്വാസവും ജീവിതപ്പോരാട്ടവും തമ്മിലുള്ള വൈരുദ്ധ്യം വെളിവാക്കിയ ഈ സംഭവം വാരണാസിയിലെ തെരുവുജീവിതത്തിന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
Tags : VaranasiViral BanarasGhats ViralVideoIndia SocialMediaTrending KashiDiaries