സ്മാർട്ട് ഗ്ലാസിന്റെ വിലയെച്ചൊല്ലി അമ്മയും മകനും തമ്മിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ബികാസ് മീന തന്റെ അമ്മയോട് പുതിയ മെറ്റാ സ്മാർട്ട് ഗ്ലാസിന്റെ വില ഊഹിച്ചു പറയാൻ ആവശ്യപ്പെടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വെറും മുന്നൂറോ അഞ്ഞൂറോ രൂപ വിലവരുന്ന സാധാരണ കണ്ണടയാണിതെന്ന ചിന്തയിലായിരുന്നു അമ്മയുടെ പ്രതികരണങ്ങൾ. തുടക്കത്തിൽ 200 അല്ലെങ്കിൽ 250 രൂപയായിരിക്കും ഇതിന് എന്ന് വളരെ നിസാരമായാണ് അമ്മ പറഞ്ഞത്. തുക കൂട്ടിപ്പറയാൻ മകൻ നിർബന്ധിച്ചപ്പോൾ 1,500 രൂപ മുതൽ ഘട്ടം ഘട്ടമായി ഉയർത്തി ഒടുവിൽ 3,000 രൂപ വരെ അവർ അനുമാനിച്ചു.
എന്നാൽ യഥാർഥ തുക കേട്ടാൽ അമ്മ ഞെട്ടിപ്പോകുമോ എന്ന ഭയത്താൽ, "ഇത് കേട്ടാൽ ഹൃദയാഘാതം ഉണ്ടാകുമോ" എന്ന് മകൻ തമാശയായി ചോദിക്കുന്നുമുണ്ട്. എന്നാൽ അതൊന്നും ഉണ്ടാകില്ലെന്നും വില എത്രയാണെന്ന് ഉടനടി വെളിപ്പെടുത്താനും അമ്മ ആവശ്യപ്പെട്ടു.
ഒടുവിൽ കണ്ണടയുടെ യഥാർഥ വില 50,000 രൂപയാണെന്ന് മകൻ വെളിപ്പെടുത്തിയതും അമ്മ അക്ഷരാർഥത്തിൽ അമ്പരന്നുപോയി. വിശ്വസിക്കാൻ കഴിയാതെ അവർ വീണ്ടും വിലയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.
ഇതിനിടയിലാണ് തങ്ങൾ സംസാരിക്കുന്നത് കണ്ണടയിലെ ക്യാമറ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരം മകൻ പങ്കുവെക്കുന്നത്. ഇതുകേട്ട് കൂടുതൽ അത്ഭുതപ്പെട്ട അമ്മ, കണ്ണട സൂക്ഷ്മമായി പരിശോധിച്ച് അതിലെ റെക്കോർഡിംഗ് ഇൻഡിക്കേറ്റർ ലൈറ്റ് കണ്ടെത്തുകയും ഇത്തരം ഒരു സംവിധാനം ഇതിൽ എന്തിനാണ് നൽകിയിരിക്കുന്നത് എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു.
അമ്മയുടെ നിഷ്കളങ്കമായ ഈ പ്രതികരണങ്ങളും ഭാവങ്ങളുമാണ് വീഡിയോയെ വേഗത്തിൽ വൈറലാക്കിയത്. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. അമ്മയുടെ സ്വാഭാവികമായ പെരുമാറ്റത്തെയും ചിരിപ്പിക്കുന്ന ചോദ്യങ്ങളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ബോക്സിൽ സ്നേഹം ചൊരിയുന്നത്.
Tags : MetaGlasses ViralVideo PricelessReaction MotherSonDuo TrendingNow