വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മകുടം'ത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ നിർത്തുന്ന ആക്ഷൻ രംഗങ്ങളും വിശാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകളുമാണ് ടീസറിൽ കാണുന്നത്.
നേരത്തെപുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ നിരവധി കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറിയിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിന്റെ തെളിവാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും.
ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥനായ യുവാവ്, അതേ പ്രായത്തിലുള്ള ഗ്യാങ്സ്റ്റർ, ഒരു നിമഷം കൊണ്ട് ചോരപ്പുഴ ഒഴുക്കാൻ മടിയില്ലാത്ത പ്രായം ചെന്ന കൊലയാളി എന്നിങ്ങനെ ഒന്നിലധികം വേഷങ്ങളിലാണ് വിശാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ജലിയും ദുഷാര വിജയനുമാണ് നായികമാരായി എത്തുന്നത്. ടീസറിൽ അഞ്ജലിയുടെ ലുക്ക് ഏറെ ശ്രദ്ധേയമാണ്. വായിൽ അരിവാളും മുഖത്ത് ചോരപ്പാടുകളുമായി നിൽക്കുന്ന അഞ്ജലിയുടെ പ്രകടനം കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
വിശാലിന്റെ പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും 'മകുടം' എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുൻ നിര നിർമാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. ചിത്രത്തിന്റെ രചനയും സംവിധാനവും വിശാൽ തന്നെയാണ്.
ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം വരുന്ന ജൂലൈ മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.