തിരുവനന്തപുരം: കേരളത്തിൽ നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ഒഴിവാക്കിയ 24 ലക്ഷം പേരെ ഇപ്പോൾ നടത്തുന്ന വോട്ടർപട്ടിക പ്രത്യേക സംക്ഷിപ്ത പുതുക്കലിൽ (എസ്എസ്ആർ) തിരികെ ഉൾപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ഇറങ്ങിപ്പോയി.
എസ്എസ്ആറുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽനിന്ന് സിപിഎം, സിപിഐ പ്രതിനിധികളാണ് ഇറങ്ങിപ്പോയത്.
കേരളത്തിൽ എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷത്തോളം പേർ പുറത്തു പോയിരുന്നു. പിന്നീട് അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇത് എട്ടു ലക്ഷത്തോളമായി. ഇവരെ വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തണമെന്നായിരുന്നു സിപിഎമ്മിലെ എം.വി. ജയരാജന്റെയും സിപിഐയിലെ സത്യൻ മൊകേരിയുടെയും ആവശ്യം.
എന്നാൽ, ഫോം 6 പൂരിപ്പിച്ചു നൽകി നടപടിക്രമം പാലിച്ച് ഇവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നായിരുന്നു സിഇഒയുടെ മറുപടി. വോട്ടർപട്ടികയിൽനിന്നു നീക്കിയവരെ സ്വമേധയാ ചേർക്കണമെന്ന് ഇടതുപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപി പ്രതിനിധി യോഗത്തിൽ പറഞ്ഞു. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽ പെടുത്താമെന്നായിരുന്നു സിഇഒയുടെ മറുപടി. ഇതോടെ ഇടതുപക്ഷ പ്രതിനിധികൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു.
സംസ്ഥാനത്ത് എസ്ഐആർ നടക്കവേ എല്ലാ ശനിയാഴ്ചയും തെരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. അന്ന് രാഷ്ട്രീയ പാർട്ടികൾ യോഗം ബഹിഷ്കരിച്ചിരുന്നില്ല.
എസ്ഐആറിൽ ഒഴിവാക്കിയവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളല്ല എസ്എസ്ആറിന്റെ ഭാഗമായി നടക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ഒരു നിർദേശത്തിലും പറയുന്നില്ല. വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കാനുള്ള നടപടികളാണ് നടന്നു വരുന്നതെന്ന് പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവേ സജിത്ബാബു പറഞ്ഞു.