ശബരിമല: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകൾ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ മുഖേന സർക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇടത്താവളങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിലയ്ക്കലിലെ 21 പാർക്കിംഗ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദേശം നൽകി. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിലേക്ക് പന്പയിൽ അയ്യപ്പഭക്തരെ തടയേണ്ടിവന്നാൽ അവർക്ക് വിശ്രമിക്കുന്നതിനായി ജർമൻ മോഡൽ പന്തൽ നിർമിക്കും.
പമ്പ - ചാലക്കയം റോഡിന്റെ ആധുനിക രീതിയിലുള്ള നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിർദേശം നൽകി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം.
മരക്കൂട്ടം - ശരംകൊത്തി പാതയിൽ ബാരിക്കേഡ് ഉറപ്പാക്കണം. സ്ഥിര, താത്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, സി.വി. ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ.യു. ജനീഷ് കുമാർ, എം. ജെ. സെബാസ്റ്റ്യൻ, സിറിയക് തോമസ്, റോണി കെ. ബേബി, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, എഡിജിപി പി. വിജയൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മെംബർമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.