തിരുവനന്തപുരം: പ്രതിപക്ഷ പ്രവർത്തനത്തിനു പുതിയ മാനം നൽകിയ അഞ്ചു വർഷത്തിനു ശേഷം വിഡിഎസ് എന്ന് അനുയായികൾ സ്നേഹപൂർവം വിളിക്കുന്ന വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക്. ലക്ഷക്കണക്കിനു കോണ്ഗ്രസ്, യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നുകൊണ്ടാണ് വി.ഡി. സതീശൻ സെക്രട്ടേറിയറ്റിലേക്കു കടന്നുവരുന്നത്.
സാധാരണ കോണ്ഗ്രസ് നേതാവിന്റെ ശൈലിയിൽ നിന്നു വ്യത്യസ്തമായിരുന്നു സതീശന്റെ രീതികൾ. നിലപാടുകളുടെ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുണ്ട്. എതിർപ്പുകൾ വന്നാലും വിട്ടുവീഴ്ച ചെയ്യില്ല. രാഷ്ട്രീയ എതിരാളികളെ മുഖത്തു നോക്കി വിമർശിക്കും. ചാട്ടുളി പോലെ തുളഞ്ഞുകയറുന്ന വാക്കുകൾ.
►ആത്മവിശ്വാസം പകർന്ന നേതാവ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയോടെ ശരാശരി കോണ്ഗ്രസ് പ്രവർത്തകന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഭരണമില്ലാത്ത മറ്റൊരു അഞ്ചു വർഷംകൂടി കോണ്ഗ്രസുകാർക്കും യുഡിഎഫുകാർക്കും ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
നിയമസഭയിലും പുറത്തും സർക്കാരിനെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സതീശൻ കളം നിറയാൻ തുടങ്ങിയതോടെ സാധാരണ കോണ്ഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും ആവേശമായി. ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം അവരുടെ ആത്മവിശ്വാസം മടക്കിനൽകി. ഭരണത്തിലേക്കു തിരിച്ചു വരാൻ കഴിയുമെന്ന ചിന്ത യുഡിഎഫ് പ്രവർത്തകരിൽ മുളപൊട്ടിത്തുടങ്ങി.
കൃത്യമായ ലക്ഷ്യം കുറിച്ച് മികച്ച ആസൂത്രണത്തിലൂടെ ഫലപ്രദമായി അതു നടപ്പിലാക്കുന്ന ശൈലിക്കു തുടക്കം കുറിച്ചത് സതീശനാണ്. ‘ടീം യുഡിഎഫ്’ എന്ന ലേബൽ തന്നെ സതീശൻ പുറത്തിറക്കി. ജയിച്ചാൽ ടീം യുഡിഎഫിന്റെ വിജയം എന്നും പരാജയപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വം എന്നും പരസ്യമായി പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുന്ന സതീശൻശൈലി കേരള രാഷ്്ട്രീയത്തിനു പുതുമയായിരുന്നു.
കോണ്ഗ്രസിലെ യുവനേതാക്കളെ രംഗത്തിറക്കി ഒരു ടീമായി പ്രവർത്തിക്കുന്ന ശൈലി തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും നിലന്പൂരിലും വിജയം കണ്ടു. മന്ത്രിമാരുടെ പടതന്നെ മണ്ഡലങ്ങളിൽ ക്യാന്പ് ചെയ്തു പ്രവർത്തിച്ചിട്ടും ടീം യുഡിഎഫിലെ ചെറുപ്പക്കാരുടെ മുന്നേറ്റത്തെ തടയാൻ സാധിച്ചില്ല.
ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളിൽ സതീശൻ നടത്തിയ ഫലപ്രവചനം പോലും കൃത്യമായിരുന്നു. ഏതു വിഷയത്തിലായാലും സതീശനു വ്യക്തമായ അഭിപ്രായമുണ്ട്, നിലപാടുണ്ട്. നന്നായി പഠിച്ചും ഗൃഹപാഠം ചെയ്തുമാണ് സതീശൻ നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ആ പ്രസംഗങ്ങൾ കേട്ടിരിക്കുന്നതു തന്നെ രസമായിരുന്നു. കോണ്ഗ്രസ് നേതാക്കളുടെ പരന്പരാഗത ‘ഒത്തുതീർപ്പു ശൈലി’ സതീശനില്ലായിരുന്നു. വെട്ടിത്തുറന്നു കാര്യങ്ങൾ പറയും. എതിർക്കേണ്ടതിനെ എതിർക്കും. ഇതു സതീശന് പാർട്ടിക്കുള്ളിൽ ഉൾപ്പെടെ ശത്രുക്കളെ ഉണ്ടാക്കി. പക്ഷേ, പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നുവരികയായിരുന്നു.
►നിലപാടുകളുടെ രാജകുമാരൻ
നിലപാടുകളിലെ കാർക്കശ്യം സതീശന് ഒരുപാട് അനുയായികളെ സൃഷ്ടിച്ചുകൊടുത്തു. നിലന്പൂർ ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ പി.വി. അൻവറിനെ കൈകാര്യം ചെയ്ത രീതി ഉദാഹരണം. യുഡിഎഫുമായി ഇടഞ്ഞ അൻവർ നാമനിർദേശപത്രിക നൽകി. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ തീരുമാനം. എന്നാൽ, അൻവറിന്റെ ഭീഷണിക്കു വഴങ്ങേണ്ടെന്നായിരുന്നു സതീശന്റെ തീരുമാനം. പത്രിക പിൻവലിച്ചു വന്നാൽ ചർച്ചയാകാമെന്നു സതീശൻ പ്രഖ്യാപിച്ചു. കോണ്ഗ്രസ് സ്ഥാനാർഥിയെ അൻവർ തീരുമാനിക്കേണ്ടെന്നും സതീശൻ പറഞ്ഞു.
എളുപ്പമുള്ള തീരുമാനമായിരുന്നില്ല അത്. അൻവറിനു മണ്ഡലത്തിൽ സ്വാധീനമുണ്ടെന്നു സതീശനും അറിയാമായിരുന്നു. എങ്കിലും ഷൗക്കത്തിനെ ജയിപ്പിച്ചെടുക്കാമെന്ന സതീശന്റെ ആത്മവിശ്വാസം യഥാർഥത്തിൽ കോണ്ഗ്രസുകാരുടെ ആത്മവീര്യമാണ് ഉയർത്തിയത്. ഫലം വന്നപ്പോൾ അൻവർ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടും ആര്യാടൻ ഷൗക്കത്ത് മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ വിജയിച്ചു. ഈ സംഭവം കോണ്ഗ്രസ് അണികളിൽ സൃഷ്ടിച്ച ആത്മവിശ്വാസവും ആത്മാഭിമാനവും ചെറുതല്ലായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണം ഉയർന്നുവന്നപ്പോൾ തന്നെ സതീശൻ രാഹുലിനെ തള്ളിപ്പറഞ്ഞു. പിന്നാലെ പാർട്ടിയിൽനിന്നു പുറത്താക്കി. ലൈംഗികാത്രിക പരാതിയിൽ കേസിൽ പെട്ടവർ വരെ ഇടതുപക്ഷത്തു സുരക്ഷിതരായി ഇരിക്കുന്പോഴായിരുന്നു സതീശന്റെ കടുത്ത നിലപാട്. നിങ്ങൾ ഇങ്ങനെയല്ലേ എന്ന ന്യായം പറയാൻ സതീശൻ നിന്നില്ല. സ്ത്രീകളോടു മോശമായി പെരുമാറുന്നവരോടു കോംപ്രമൈസ് ഇല്ലെന്നു സതീശൻ കാണിച്ചു കൊടുത്തു.
പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പു സമയത്തു രാഹുലിനെതിരേ രേഖാമൂലം പരാതി വന്നപ്പോൾ യുഡിഎഫിനു പിടിച്ചു നിൽക്കാനായത് സതീശൻ നേരത്തെ സ്വീകരിച്ച നിലപാടു മൂലമായിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സതീശൻ ഒരുപാടു വിമർശനത്തിനു വിധേയനായി. ഒടുവിൽ സതീശൻ ആയിരുന്നു ശരി എന്നു കാലം തെളിയിച്ചു. ഇങ്ങനെ വന്ന്, വി.ഡി. സതീശൻ എന്ന ബ്രാൻഡ് കേരള രാഷ്ട്രീയത്തിൽ സവിശേഷ ഇടം നേടിയെടുത്തു തുടങ്ങുകയായിരുന്നു.
►ജനപ്രിയനായി വളർച്ച
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം നിലന്പൂർ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തകർപ്പൻ വിജയം നേടിയതോടെ സതീശൻ ജനപ്രീതിയിൽ മുന്നേറുകയായിരുന്നു.
പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവില്ല എന്നതായിരുന്നു കേരളത്തിൽ യുഡിഎഫിന്റെ പരിമിതിയായി പറയപ്പെട്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെലുങ്കാനയിൽ നിലനിന്നിരുന്ന അവസ്ഥ. അവിടെ മുഖ്യമന്ത്രി ആയിരുന്ന കെ. ചന്ദ്രശേഖർ റാവു എന്ന അതികായനൊപ്പം തലപ്പൊക്കമുള്ള നേതാക്കൾ കോണ്ഗ്രസിൽ ഇല്ലായിരുന്നു. എന്നാൽ, പ്രചാരണം മുന്നോട്ടു പോയപ്പോൾ രേവന്ത് റെഡ്ഢി വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവായി ഉയർന്നുവന്നു. തെലുങ്കാനയിൽ കോണ്ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.
►വെല്ലുവിളികൾ
യുഡിഎഫ് സർക്കാരിൽ സാധാരണക്കാർക്കുള്ള ഉയർന്ന പ്രതീക്ഷ തന്നെയാണ് വി.ഡി. സതീശന്റെ ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പുകാലത്തു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതു മറ്റൊരു വെല്ലുവിളി.
സംസ്ഥാനം കടുത്ത സാന്പത്തിക ഞെരുക്കത്തിലൂടെയാണു കടന്നു പോകുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സമീപനത്തിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. കൊടുത്തുതീർക്കാനുള്ള കുടിശിഖകളും വരാനിരിക്കുന്ന ശന്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും സർക്കാരിന്റെ സാന്പത്തിക സ്ഥിതി വീണ്ടും വഷളാകുന്നതിലേക്കു നയിച്ചേക്കാം. ഇതിനെയൊക്കെ നേരിട്ടു ഭരണം മുന്നോട്ടു കൊണ്ടു പോകുക എന്നതു ദുഷ്കരമാണ്. വരുമാനം വർധിപ്പിക്കാനും വാഗ്ദാനങ്ങൾ നടപ്പിലാക്കാനും തങ്ങൾക്കു വ്യക്തമായ പദ്ധതികളുണ്ടെന്നാണു സതീശൻ പറയുന്നത്. പൂച്ച പെറ്റുകിടക്കുന്ന ട്രഷറി തങ്ങൾ നിറയ്ക്കുമെന്നു സതീശൻ പറഞ്ഞത് ഈയടുത്താണ്.
പ്രതിപക്ഷത്തിരിക്കുന്നത് ഇടതുപക്ഷമാണെന്നും ഓർക്കേണ്ടതുണ്ട്. സമരങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കാലമായിരിക്കും വരാനിരിക്കുന്നത്. ഒരുവശത്ത് എൽഡിഎഫും മറുവശത്ത് ബിജെപിയും കൂടിയാകുന്പോൾ സമരകോലാഹലങ്ങളിലൂടെയാകും അടുത്ത അഞ്ചു വർഷം കേരളം കടന്നുപോകുന്നത്. ഇതിനിടെ പാർട്ടിക്കുള്ളിലെ എതിരാളികളെയും കരുതിയിരിക്കേണ്ടതുമുണ്ട്.
►പുതിയ കേരളത്തിനായി
പുതുയുഗ യാത്രയിലൂടെ സതീശൻ കേരളത്തിന് ഒരു ബദൽ നിർദേശിക്കുകയായിരുന്നു. ഭരണത്തിന്റെ പോരായ്മകൾ മാത്രം പറഞ്ഞു വോട്ടു നേടുന്ന പരന്പരാഗത ശൈലിയിൽനിന്നു മാറി വിവിധ മേഖലകളിൽ എന്തു ചെയ്യാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേരളത്തിനു മുന്പാകെ വച്ചുകൊണ്ടായിരുന്നു വടക്കുനിന്നു തുടങ്ങിയ യാത്ര തെക്കു സമാപിച്ചത്.
നാളത്തെ കേരളം എന്തായിരിക്കണം എന്നു വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണു താൻ എന്നു സതീശൻ തെളിയിച്ചു. വിദ്യാർഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമെല്ലാം സ്വീകാര്യനായ പുതുതുലമുറ നേതാവായി വളർന്നുവരാൻ സതീശനു സാധിച്ചു. ആ നിലയ്ക്കു പറഞ്ഞാൽ ഒരു തലമുറമാറ്റത്തിനാണു സതീശനിലൂടെ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
യുഡിഎഫിന്റെ പുതിയ സാമാജികരിൽ യുവരക്തത്തിനും പുതുമുഖങ്ങൾക്കും മുൻതൂക്കമുണ്ട്. പുതിയ തലമുറയുടെ സ്വപ്നങ്ങളായിരിക്കണം ഇനിയുള്ള ഭരണാധികാരികളെ നയിക്കേണ്ടത്. അതിനു സതീശന്റെ നേതൃത്വത്തിനു സാധിക്കുമെന്നു കരുതാം. കേരളത്തിനു വേണ്ടത് ഒരു ജെൻ സി സർക്കർ തന്നെയാണ്.