തിരുവമ്പാടി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു. വനം, കൃഷി വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനവും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് ചർച്ച ചെയ്തത്. സി. മോയിൻകുട്ടി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകൾ നടപ്പാക്കി കൊണ്ടിരിക്കുന്ന 23 കിലോമീറ്റർ സോളാർ ഫെൻസിംഗിന്റെ പൂർത്തീകരണ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഫെൻസിംഗിന്റെ സംരക്ഷണം പഞ്ചായത്തുകളെ ഏൽപ്പിച്ച് വാർഡ് അംഗത്തിന്റെയും വനംസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രത്യേക ജാഗ്രത സമിതി രൂപീകരിക്കും.
ഫെൻസിംഗിന്റെ ജോലികൾക്ക് കൂടുതൽ തുക വകയിരുത്താനായി ജില്ലാ ആസൂത്രണ സമിതിയിൽ കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കും. നിയമ പ്രശ്നവും സാമ്പത്തിക പ്രശ്നവും പരിഹരിക്കുന്നതിന് സർക്കാരിന്റെ അടിയന്തര സഹായം തേടും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്, അന്നകുട്ടി ദേവസ്യ, ബോബി ഷിബു, വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, ജോർജ് കുട്ടി കക്കാടംപൊയിൽ എന്നിവർ പ്രസംഗിച്ചു. കൃഷിവകുപ്പ് പ്രതിനിധികളായ ഡെപ്യൂട്ടി ഡയറക്ടർ പി.ടി. ഷീബ, എഡിഎ പ്രിയ മോഹൻ, എഒമാരായ മുഹമ്മദ് ഫാസിൽ, ടിൻസി തുടങ്ങിയവർ നേതൃത്വം നൽകി.