ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 89 ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഓഗസ്റ്റ് 13നാണ് ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.
ശൈത്യകാല സമ്മേളനം തുടങ്ങാന്‍ ഇനി ഏതാനും ദിവസമേയുള്ളൂ. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഏപ്രില്‍ 17ന് വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനായുള്ള മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സമ്മേളനം പിരിച്ചുവിടാതെ നിര്‍ത്തിയിരിക്കുന്നത്.
സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ നിലനിര്‍ത്തുന്നത് ഭരണഘടന പ്രകാരമോ നടപടിക്രമപരമായോ തെറ്റല്ല. കാരണം, സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞശേഷം ഇത്ര ദിവസത്തിനുള്ളില്‍ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്നതിന് സമയപരിധിയൊന്നുമില്ല.
സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ അതിന്റെ തുടര്‍ച്ചയായി വീണ്ടും ചേരുന്നതിന് കുറഞ്ഞത് രണ്ടു ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് മതിയാകും. എന്നാല്‍, പുതിയ സമ്മേളനം വിളിച്ചുചേര്‍ക്കണമെങ്കില്‍ കുറഞ്ഞത് 14 ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് നല്‍കണം.
ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കാതെ നിര്‍ത്തിയത് 2008ലാണ് (87 ദിവസം). 1987ല്‍ 76 ദിവസവും 1989ല്‍ 54 ദിവസവും 2006ലും 2013ലും 49 ദിവസം വീതവും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.