നെടുങ്കണ്ടം: പ്രകൃതിക്കു തണലേകാന്‍ ആദിശ്രീ തൈകള്‍ നട്ടുതുടങ്ങിയത് മൂന്നാം പിറന്നാള്‍ ദിനം മുതല്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഈ കുട്ടി ഇതുവരെ രണ്ടായിരത്തോളം തൈകളാണ് നട്ടുപിടിപ്പിച്ചത്. പാതയോരങ്ങളിലും ടൗണുകളിലും കുഞ്ഞികൈകള്‍കൊണ്ട് നട്ട പല തൈകളും ഇപ്പോള്‍ ഫലം കായ്ച്ചുതുടങ്ങി.
വിവിധതരം മാവുകള്‍, പേര, പ്ലാവ്, ആപ്പിള്‍ ചാമ്പ തുടങ്ങിയവ പാതയോരങ്ങളില്‍ നട്ടപ്പോള്‍ കാടുംപടലവുമായി കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അവിടെ തണല്‍ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.
നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉള്‍പ്പെടെ ആദിശ്രീ നട്ടമരങ്ങള്‍ തണലും ഫലവും നല്കി നില്ക്കുമ്പോള് ഈ കൊച്ചുപരിസ്ഥിതി പ്രവര്‍ത്തകയ്ക്കു മുന്നില്‍ ആരുടെയും കൈകള്‍ അറിയാതെ കൂപ്പിപ്പോകും.
ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ആദിശ്രീ തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. ഇത്തവണ ചെടികള്‍ നട്ടുപരിപാലിച്ച് പൂച്ചട്ടികളിലാക്കി ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നല്കുകയാണു ചെയ്തത്. സുഗന്ധവാഹിയായ നന്ദ്യാര്‍വട്ടത്തിന്റെ തൈകളാണ് ഇത്തവണ നല്‍കിയത്.
തൈ നടീല്‍ മാത്രമല്ല ആദിശ്രീയുടെ പരിസ്ഥിതി പ്രവര്‍ത്തനം. പാതയോരങ്ങളും സൈന്‍ ബോര്‍ഡുകളും വൃത്തിയാക്കല്‍ എന്നിവയും നടത്തിവരുന്നു.
കുമളി -മൂന്നാര്‍ സംസ്ഥാന പാതയില്‍ കൈലാസപ്പാറ മുതല്‍ നെടുങ്കണ്ടം വരെ റോഡിനിരുവശവുമുള്ള നൂറിലധികം സിഗ്നല്‍ ബോര്‍ഡുകളാണ് ആദിശ്രീ തുടച്ചു വെണ്മയുള്ളതാക്കിയത്. ഇതിനു പുറമേ കഴിഞ്ഞ ദിവസം ഡിവൈഡറുകളും ശുചീകരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് തന്നെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തപാലില്‍ ആശംസ അയച്ച് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മിഠായിക്കു പകരം പയർ
വിഷരഹിത പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മിഠായിക്കു പകരം പയര്‍, ചോളം എന്നിവയുടെ 15,000 വിത്തുകള്‍ നല്‍കിയിരുന്നു. വേനല്‍ കനക്കുമ്പോള്‍ കിളികള്‍ക്കും ജീവജാലങ്ങള്‍ക്കുമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ കോമ്പൗണ്ടിലും പാതയോരങ്ങളിലും വെള്ളം നിറച്ച പാത്രങ്ങള്‍ സ്ഥാപിക്കും. പാതയോരത്ത് ദുര്‍ഗന്ധം വമിച്ചു കിടക്കുന്ന മാലിന്യം ചാക്കില്‍ ശേഖരിച്ച് പഞ്ചായത്തിനു കൈമാറുന്നതും പതിവാണ്.
ഈ കൊച്ചുമിടുക്കിക്ക് 2023-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ"ഉജ്വല ബാല്യം' പുരസ്കാരം ലഭിച്ചിരുന്നു. ഡോ.എ.പി.ജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ ബാലപ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി. അനില്‍കുമാര്‍-ജിനു ദമ്പതികളുടെ മകളാണ് ആദിശ്രീ. അനിശ്രീ, ആദികേഷ് എന്നിവരാണ് സഹോദരങ്ങള്‍.