റാണിപുരം (കണ്ണൂർ): റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ സ്വകാര്യ റിസോർട്ടിൽ സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
വിനോദസഞ്ചാരിയായ യുവതിയെ സിപ് ലൈനിലിരുത്തി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്നു പരിഭ്രമിച്ച യുവതി ഓപ്പറേറ്ററായ സനൂപിനെ ബലമായി പിടിക്കുകയായിരുന്നുവെന്നാണു മറ്റു സഞ്ചാരികൾ പറയുന്നത്.
സുരക്ഷാ ബെൽറ്റ് ധരിക്കാതിരുന്ന സനൂപ് ഇതോടെ കേബിളിൽ പിടിച്ച് പകുതി ദൂരത്തോളം മുന്നോട്ട ുപോകുകയും പിന്നീട് പിടിവിട്ട് താഴേക്കു വീഴുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനൂപിനെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാണിപുരത്തെ സ്വകാര്യ ഗ്ലാസ് ബ്രിഡ്ജിനോടനുബന്ധിച്ചുള്ള റിസോർട്ടിൽ വെള്ളിയാഴ്ചയാണ് സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ചാമുണ്ഡിക്കുന്നിലെ കൃഷ്ണന്റെയും ജാനകിയുടെയും മകനാണ് സനൂപ്. സഹോദരങ്ങൾ: ശരത്, ശ്യാം.