തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ പഠനകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്‍റെ പ്രസംഗം ആരംഭിച്ചത്.
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണം. ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താത്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം. നിർമിത ബുദ്ധിയും പുതിയ കാലവും വിജ്ഞാന വിസ്ഫോടനത്തിന്‍റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും സമൂഹത്തിന് മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ കുട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി ഉണ്ടായി പെണ്‍കുട്ടികള്‍ ഉന്നതിയിലെത്തി. കേരളത്തില്‍ ലോകോത്തര സ്ഥാപനങ്ങളും സയന്റിഫിക് സെന്ററുകളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, കോര്പറേഷന് മേയര്‍ വിവി. രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് സ്വാഗതം ആശംസിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയെടുത്തു.
ആദ്യമായി സ്കുളിലെത്തിയ കുരുന്നുകളെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് ലഡു നല്കി വരവേറ്റു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.